കെപിസിസി സെക്രട്ടറിമാരുടെ എണ്ണം കുറച്ച് പുതിയ പട്ടിക

കെപിസിസി സെക്രട്ടറിമാരുടെ എണ്ണം കുറച്ച് പുതിയ പട്ടിക ഹൈകമാന്‍ഡിന് കൈമാറി. 87 സെക്രട്ടറിമാരടങ്ങിയ പട്ടികയ്ക്കൊപ്പം 10 ജനറല്‍ സെക്രട്ടറിമാരുടെ പേരും സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്.

മുന്‍ മന്ത്രി പി കെ ജയലക്ഷ്മി, മുന്‍ ഡിസിസി പ്രസിഡന്റുമാരായ വി ജെ പൌലോസ്, മുഹമ്മദ് കുഞ്ഞി, കെപിസിസി സെക്രട്ടറിമാരായിരുന്ന വിജയന്‍ തോമസ്, ദീപ്തി മേരി വര്‍ഗീസ്, കെഎസ്‍യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി, ഡി ബാബു പ്രസാദ്, ജോസി സെബാസ്റ്റ്യന്‍, വി എ നാരായണന്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. 87 സെക്രട്ടറിമാര്‍ക്ക് പുറമെ 61 പേരെ നിര്‍വാഹക സമിതിയിലേക്കും നിര്‍ദേശിച്ചിട്ടുണ്ട്.

115 സെക്രട്ടറിമാരടങ്ങിയ ജംബോ പട്ടിക നേരത്തെ ഹൈകമാന്‍ഡ് തള്ളിയിരുന്നു. ഭാരവാഹികളുടെ എണ്ണം കൂടിയതിന് പുറമേ വനിതാ, ദലിത് പ്രാതിനിധ്യങ്ങള്‍ പാലിക്കാത്തതും വിമര്‍ശത്തിന് ഇടയാക്കി. വനിതാ, ദലിത് പ്രാതിനിധ്യങ്ങള്‍ കൂടി ഉറപ്പാക്കിയാണ് എണ്ണം കുറച്ചു‌ള്ള പുതിയ പട്ടിക ഹൈകമാന്‍ഡിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുമായി ച‌ര്‍ച്ച നടത്തിയാണ് കെപിസിസി അധ്യക്ഷന്‍ പട്ടിക പുതുക്കിയത്.

ആദ്യം സമര്‍പ്പിച്ച പട്ടികയില്‍ എംപിമാര്‍ സ്വ‌ന്തം നിലയ്ക്ക് ചില പേരുകള്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ ആക്ഷേപമുയര്‍ന്നവരെയെല്ലാം പുതിയ പട്ടികയില്‍ ഒഴിവാക്കി. ഗ്രൂപ്പ് സമവാക്യങ്ങളും സാമുദായിക പരിഗണനകളും ഒരു പരിധി വരെ പാലിച്ചാണ് പുതിയ ലിസ്റ്റെന്നാണ് സൂചനകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *