കെജ്‌രിവാളിന്റെ സമരം നാലാം ദിവസത്തിലേക്ക്; ഗവര്‍ണര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല


ദില്ലി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ദില്ലി ലഫ്റ്റനറ്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ
വസതിയില്‍ അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. നാലുമാസമായി സമരം നടത്തിവരുന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് സമരം അവസാനിപ്പിച്ച്‌ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശം നല്‍കണം എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. വീട്ടുവാതിക്കല്‍ റേഷന്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന പദ്ധതിക്ക് അംഗീകാരം നല്‍കണം എന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.


മനീഷ് സിസോദിയ, ഗോപാല്‍ റായ്, സത്യേന്ദ്ര ജെയിന്‍ എന്നിവരാണ് കെജ്‌രിവാളിനോടൊപ്പം സമരത്തില്‍ പങ്കെടുക്കുന്നത്. ഗവര്‍ണര്‍ അനുകൂല നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ സത്യേന്ദ്ര ജെയിനും ബുധനാഴ്ച മുതല്‍ മനീഷ് സിസോദിയയും അനിശ്ചിലകാല നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്.


തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കെജ്‌രിവാളും സംഘവും ഗവര്‍ണറുടെ വസതിയില്‍ എത്തിയത്. രാത്രി ഗവര്‍ണറെ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വസതിയിലെ സ്വീകരണ മുറിയില്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു.

സമരവുമായി ബന്ധപ്പെട്ട് കെജ്‌രിവാള്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ദില്ലിയിലെ ജനങ്ങള്‍ക്ക് വേണ്ടിയും ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറാകാത്തവര്‍ക്കുമെതിരെയാണ് ഞങ്ങളുടെ സമരം. ദില്ലിയിലെ വോട്ടര്‍മാരെ ശിക്ഷിക്കുന്നവര്‍ക്ക് നേരെയാണ് തന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും കെജ്‌രിവാള്‍ ഇന്നലെ പറഞ്ഞിരുന്നു.



Sharing is Caring