തിരുവനന്തപുരം: കെഎസ്ഇബി കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് ചെയര്മാന് അറിയിച്ചതിനു പിന്നാലെ മറുപടിയുമായി വൈദ്യുതമന്ത്രി എംഎം മണി. കെഎസ്ഇബിയില്‍ പെന്ഷന് മുടങ്ങില്ലെന്ന് മന്ത്രി എം.എം. മണി വ്യക്തമാക്കി. പെന്ഷന് വിതരണം മുടങ്ങുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ഒരാനുകൂല്യവും വെട്ടിക്കുറയ്ക്കില്ലെന്നും, പെന്‍ഷനെ സംബന്ധിച്ച് ഒരാശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഈ വര്‍ഷം ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നും പുതിയ പദ്ധതികളെ കുറിച്ചാണ് കെഎസ്ഇബി ചിന്തിക്കുന്നതെന്നും മണി പറഞ്ഞു. വൈദ്യുത ബോര്‍ഡ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്ന് ചെയര്മാന് അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മണി. കെഎസ്ആര്‍ടിസി പോലെയല്ല കെഎസ്ഇബിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബോര്‍ഡില്‍ 7500 കോടി രൂപയുടെ കടമുണ്ടെന്ന് പറഞ്ഞ മന്ത്രി അത് പെന്‍ഷനെ ബാധിക്കില്ലെന്നും വ്യക്തമാക്കി.

അഞ്ച് വര്‍ഷമായി പെന്ഷന് ഫണ്ടിലേക്ക് പണം മാറ്റുന്നില്ല. ബോണ്ട് ഇറക്കി പലിശ പെന്ഷന് ഫണ്ടിലേക്കു മാറ്റാനുള്ള ശ്രമവും നടന്നില്ലെന്നും കെഎസ്ഇബി പ്രതിസന്ധിയിലാണെന്നും ചെയര്മാന് ജീവനക്കാരെ അറിയിച്ചിരുന്നു.













