കുര്‍ദിസ്താന്‍ പ്രസിഡന്റ് ബര്‍സാനി പദവി ഒഴിയുന്നു

ഇറാഖിലെ കുര്‍ദിസ്താന്‍ പ്രാദേശിക സര്‍ക്കാര്‍ പ്രസിഡന്റ് മസ്ഊദ് ബര്‍സാനി പദവി ഒഴിയുന്നു. ജനഹിത പരിശോധനയെ തുടര്‍ന്ന് ഇറാഖില്‍നിന്നു സ്വാതന്ത്ര്യം നേടാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പദിവിയില്‍ തുടരില്ലെന്ന് ബര്‍സാനി തീരുമാനിച്ചത്.
ബര്‍സാനിയുടെ കാലാവധി നവംബര്‍ ഒന്നിന് അവസാനിക്കാനിരിക്കുകയാണ്. എന്നാല്‍, കാലാവധി നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തലവന്‍ കൂടിയായ മസ്ഊദ് ബര്‍സാനി, പ്രാദേശിക തെരഞ്ഞെടുപ്പിനു ശേഷം പദവിയില്‍നിന്ന് ഒഴിയുമെന്നു നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് എട്ടു മാസത്തേക്കു നീട്ടിവച്ചെങ്കിലും അദ്ദേഹം മുന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇന്നലെ പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനു പിറകെ പകരക്കാരനെ കണ്ടെത്താനായി അടിയന്തര രഹസ്യയോഗം പ്രാദേശിക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു.
സെപ്റ്റംബര്‍ 25നു നടന്ന ജനഹിത പരിശോധനയില്‍ ഭൂരിഭാഗം പേരും സ്വാതന്ത്ര്യത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ഇതേതുടര്‍ന്ന് ജനഹിത പരിശോധന നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഇറാഖ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കുര്‍ദ് നഗരമായ കിര്‍കുക്കില്‍ ഇറാഖ് സൈന്യം നടത്തിയ സൈനിക നടപടിയില്‍ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കുര്‍ദ് സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ പ്രതീകമായിത്തീര്‍ന്ന ബര്‍സാനിയുടെ നീക്കം പ്രാദേശിക ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നതാണ്.
71കാരനായ ബര്‍സാനി ഇതിനകംതന്നെ പ്രസിഡന്റ് പദവിയില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. 2015 ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരുന്നെങ്കിലും ഇതു പിന്നീട് നീട്ടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *