കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഒന്നര ആഴ്ച കൊണ്ട് ജനക്കൂട്ടം തല്ലിക്കൊന്നത് എട്ടു പേരെ. ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ വ്യാഴാഴ്ച രാത്രിയില്‍ മൂന്നു പേരെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഭവം.
അക്രമത്തില്‍ വൃദ്ധയായ ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച സരട്കേല ഖര്സാവവോം ജില്ലയിലെ രാജ്നഗറിലായിരുന്നു ഏറ്റവും ഒടുവിലായി അക്രമം അരങ്ങേറിയത്. ഇതോടെ ഒന്‍പതു ദിവസത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ആഴ്ചയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി അഭ്യൂഹം ഉണ്ടായത്. ഇതേ തുടര്‍ന്നാണ് ജനക്കൂട്ടം സംഘടിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ സൊസൊമോലി ഗ്രാമത്തില്‍ രണ്ടു പേര് സമാന സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റുള്ളവര്‍ ശോഭാപുര്‍ ഗ്രാമത്തിലാണ് കൊല്ലപ്പെട്ടത്. അക്രമസക്തരായ ജനക്കൂട്ടം പോലീസ് ജീപ്പ് നശിപ്പിക്കുകയും ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തു.













