കീഴാറ്റൂര്‍ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്‌എസ് ശ്രമം ; കോടിയേരി

കോഴിക്കോട്: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്‌എസ് ശ്രമം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി ചെറുക്കുമെന്നും കീഴാറ്റൂരില്‍ സമരം നടത്തുന്നവര്‍ അതില്‍ നിന്നും പിന്തിരിയണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായവരെ പോലും പിന്തിരിപ്പിക്കുകയാണ്. ബൈപാസ് അലൈന്‍മെന്റ് തീരുമാനിച്ചത് ദേശീയപാതാ വികസന അതോറിറ്റിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ച്‌ ഭൂമി ഏറ്റെടുക്കുന്ന ഉത്തരവാദിത്വം മാത്രമാണ് സഗസ്ഥാന സര്‍ക്കാരിനുള്ളത്. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നയമെന്നും കോടിയേരി പറഞ്ഞു.

കീഴാറ്റൂര്‍ സമര നേതാവ് സുരേഷിന്റെ വീടിന് നേരെ ആക്രമണം നടത്തിയത് ആര്‍എസ്‌എസുകാരാണെന്നും സര്‍ക്കാരിനെതിരേ സമരക്കാരെ തിരിച്ചു വിടുകയും കണ്ണൂരിലെ ഉത്സവങ്ങളുടെ പശ്ചാത്തലത്തില്‍ അക്രമം വിതയ്ക്കുകയാണ് അവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും സിപിഎം നേതാവ് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു.

കണ്ണൂരിലെ പാര്‍ട്ടി നേതാക്കളെ ആക്രമിക്കുകയാണ് ലക്ഷ്യം വെച്ചതെന്നും പറഞ്ഞു. അതേസമയം കീഴാറ്റൂര്‍ സമരം സിപിഎം നേതാക്കളുടെ സമനില തെറ്റിച്ചു കളഞ്ഞിരിക്കുകയാണെന്നും അതുകൊണ്ടാണ് ഇത്തരം ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നതെന്നുമാണ് ഇതിന് ബിജെപിയുടെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *