ചെന്നൈ: കാവേരി മാനേജ്മെന്റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച് തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു. തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും നിരാഹാരസത്യഗ്രഹം തുടങ്ങി. ജില്ലാ കേന്ദ്രങ്ങളില്‍ അണ്ണാ ഡിഎംകെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടക്കുകയാണ്. ഇതിനിടെ പ്രശ്ന പരിഹാരത്തിനായി തമിഴ്നാട് ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ഇന്നു കാണുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 29 നകം സിഎംബിയുള്‍പ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ദേശം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നാണ് തമിഴ്നാടിന്റെ പൊതുവികാരം. വ്യാഴാഴ്ച ബന്ദ് നടത്തുമെന്നു പ്രതിപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചെന്നൈ ഉള്‍പ്പെടെ കേന്ദ്രങ്ങളില്‍ നിരവധി പ്രതിഷേധപരിപാടികളാണ് അരങ്ങേറിയത്. റെയില്‍-റോഡ് ഗതാതഗം തടസപ്പെടുത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ്ചെയ്തു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ ആത്മാഹൂതിക്കു ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.













