കാറബാവോ കപ്പ് മത്സരത്തില്‍ ജിയോവാനി ലിയോണിക്ക് കാല്‍മുട്ടിന് ഗുരുതര പരിക്ക്


കാറബാവോ കപ്പ് മത്സരത്തില്‍ സൗത്താംപ്ടണിനെതിരെ ലിവർപൂളിന്റെ യുവ പ്രതിരോധ താരം ജിയോവാനി ലിയോണിക്ക് കാല്‍മുട്ടിന് ഗുരുതര പരിക്ക്.മത്സരത്തിൻ്റെ രണ്ടാം പകുതിയില്‍ പരിക്കേറ്റതിനെത്തുടർന്ന് സ്ട്രെച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ലിവർപൂള്‍ മാനേജർ ആർനെ സ്ലോട്ട്, “ഇതുപോലൊരു സാഹചര്യത്തില്‍ ഒരു താരം പുറത്തേക്ക് പോവുകയാണെങ്കില്‍ അത് നല്ല സൂചനയല്ല” എന്ന് അഭിപ്രായപ്പെട്ടു.


കളിയുടെ തുടക്കത്തില്‍ ലിയോണി മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും അദ്ദേഹത്തിൻ്റെ കാല്‍മുട്ട് പൊട്ടുകയായിരുന്നു. എ.സി.എല്‍ പരിക്ക് പരിശോധിക്കുന്ന ലാച്ച്‌മാൻ ടെസ്റ്റിന് താരത്തെ വിധേയനാക്കിയെന്ന് മെഡിക്കല്‍ ടീം അറിയിച്ചു.


പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് മെഡിക്കല്‍ ടീം. എ.സി.എല്‍ പരിക്കാണെങ്കില്‍ ഒമ്ബത് മാസത്തിലധികം ലിയോണിക്ക് പുറത്തിരിക്കേണ്ടി വരും. അതേസമയം, മെനിസ്കസ് പരിക്കാണെങ്കില്‍ നാല് മാസവും, എല്ലിന് ചതവാണെങ്കില്‍ ഏതാനും ആഴ്ച്ചകള്‍ക്കുള്ളിലും താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തും.



Sharing is Caring