കാരശേരി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാനെ പുറത്താക്കി കെപിസിസി പ്രസിഡന്റ്. ബാങ്ക് ഭരണം അട്ടിമറിക്കാൻ സിപിഎമ്മുമായി ചേർന്ന് നീക്കം നടത്തിയതിനാണ് കെപിസിസി അംഗം കൂടിയായ അബ്ദുറഹ്മാനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത്.മലബാറിലെ തന്നെ ഏറ്റവും കൂടുതല് നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കാരശേരി സർവീസ് സഹകരണ ബാങ്ക്.
അടുത്ത ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബാങ്ക് ചെയർമാനായ അബ്ദുറഹ്മാൻ സിപിഎമ്മുമായി ചേർന്ന് ഭരണം അട്ടിമറിക്കാൻ നീക്കം നടത്തിയത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് വരെ ഭരണസമിതിയെ തെരഞ്ഞെടുക്കാന് അധികാരമുള്ള 771 എ-ക്ലാസ് അംഗങ്ങളാണ് കാരശേരി ബാങ്കിന് ഉണ്ടായിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ ഇത് 1600 ആയി ഉയര്ന്നു. നെല്ലിക്കാപ്പറമ്ബ് ബ്രാഞ്ചിലെ ഏഴ് ജീവനക്കാരുടെ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ശനി, ഞായര് ദിവസങ്ങളില് രാത്രി പുതിയ 800 അംഗങ്ങളെ ഓണ്ലൈനായി ചേര്ക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ഭരണം പിടിച്ചെടുക്കാന് സിപിഎം അനുകൂലികളായ മെമ്ബര്മാരെ പിന്വാതിലിലൂടെ തിരുകിക്കയറ്റിയെന്ന് ചൂണ്ടിക്കാട്ടി ആകെയുള്ള 13 ഡയറക്ടമാരില് ഒമ്ബതു പേരും ഹൈക്കോടതിയെ സമീപിച്ചു. ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ചെയര്മാനെ നീക്കാന് അവിശ്വാസ പ്രമേയത്തിനും നീക്കം തുടങ്ങി. എന്നാല്‍ ഇതിന് പിന്നാലെ സംസ്ഥാന സഹകരണ വകുപ്പ് കാരശേരി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് ബാങ്കിനെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലാക്കി. വായ്പകളില് ക്രമക്കേടുണ്ടെന്ന ഓഡിറ്റ് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമെന്നാണ് ഔദ്യോഗിക വിശദീകരണം.













