കായല്‍ നികത്തുമെന്ന വെല്ലുവിളി; തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി


മന്ത്രി തോമസ് ചാണ്ടിയുടെ പരസ്യ വെല്ലുവിളിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് തോമസ് ചാണ്ടിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജനജാഗ്രതാ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിനിടെ കാനം രാജേന്ദ്രനെ വേദിയിലിരുത്തി കൈയേറ്റം തെളിയിക്കാന്‍ തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു. ഇതിന് പ്രതികരണമെന്നോണം ഇന്ന് കാനം രാജേന്ദ്രനും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായില്ല.
തനിക്ക് ഇനിയും 42 പ്ലോട്ടുകള്‍ കൂടി മാര്‍ത്താണ്ഡന്‍ കായലിലുണ്ട്. അവിടേക്കുള്ള റോഡ് കൂടി മണ്ണിട്ട് നികത്തുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍പോലും ഒരു അന്വേഷണ സംഘത്തിനും കഴിയില്ല, തന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമില്ല. പ്രതിപക്ഷത്തെ വീണ്ടും വെല്ലുവിളിക്കുകയാണ്. മെത്രാന്‍ കായലും മാര്‍ത്താണ്ഡം കായലും അടക്കമുള്ളവ കണ്ടിട്ടുപോലും ഇല്ലാത്തവര്‍ അന്ധന്‍ ആനയെക്കണ്ടതുപോലെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ പ്രസ്താവനയിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചത്.
ഇനിയും കായല്‍ നികത്തുമെന്ന പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി മന്ത്രിയെ അറിയിച്ചു. അതേസമയം തോമസ് ചാണ്ടിയുടെ വെല്ലുവിളി തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.




Sharing is Caring