കാണാതായവരെ കണ്ടെത്താന്‍ രക്ഷിതാക്കള്‍ക്കൊപ്പമുണ്ടാകും: കോടിയേരി

കാണാതായ കുട്ടികളെ കണ്ടെത്താനുള്ള രക്ഷിതാക്കളുടെ ശ്രമത്തില്‍ തങ്ങള്‍ ഒപ്പമുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാണാതായ നിമിഷയുടെ അമ്മ തിരുവനന്തപുരം ആറ്റുകാല്‍ തെക്കേവീട്ടില്‍ ബിന്ദുവിനെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയായിരുന്നു കോടിയേരി. മകള്‍ നിമിഷയെ തിരിച്ചുലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ആ അമ്മ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഒളിച്ചുവയ്ക്കാതെ പുറത്തുപറയുമ്പോഴാണ് എല്ലാവരും ജാഗ്രതയിലാകുന്നത്. കാണാതായവരെക്കുറിച്ചുള്ള അന്വേഷണം സര്‍ക്കാര്‍ ഗൌരവമായി എടുത്തിരിക്കുകയാണെന്ന് കോടിയേരി അറിയിച്ചു. കാണാതായവരെ കണ്ടെത്തുകയും ഇതിനുപിന്നിലെ നിജസ്ഥിതി അറിയുകയും വേണം. കേന്ദ്ര ഇന്റലിജന്‍സിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ത്വരിതനടപടി സ്വീകരിക്കുന്നുണ്ട്. ഇതിനുപിന്നില്‍ ആരാണ് പ്രവര്‍ത്തിക്കുന്നതെന്നതുസംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ ഗുണംചെയ്യില്ല. യാഥാര്‍ഥ്യം കണ്ടെത്തുകയാണ് വേണ്ടത്. പലമതങ്ങളുടെയുംപേരില്‍ ഭീകരപ്രവര്‍ത്തനത്തിനായുള്ള റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെങ്കില്‍ അതിനുപിന്നിലുള്ളവരെയും കണ്ടെത്തണം. അതിനുള്ള നടപടി സംസ്ഥാന ഇന്റലിജന്‍സ് ത്വരിതപ്പെടുത്തണം.

കാണാതായ കുട്ടികളെ അടിയന്തരമായി കണ്ടെത്താനുള്ള സത്വരനടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. കോടിയേരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *