കശ്മീരില്‍ നിന്നുള്ള 100 പേരടങ്ങുന്ന സംഘം ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി


ദില്ലി: കശ്മീരില്‍ നിന്നുള്ള 100 പേരടങ്ങുന്ന സംഘം ദില്ലിയില്‍. ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംഘം ചര്‍ച്ച നടത്തി. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് കശ്മീരില്‍ നിന്നുള്ളവര്‍ ദില്ലിയില്‍ എത്തുന്നത്. കശ്മീരില്‍ കര്‍ശന യാത്രാ നിയന്ത്രണം നിലനില്‍ക്കെയാണിത്. അമിത് ഷായുമായി ചര്‍ച്ച നടത്തിയ സംഘം ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. പുല്‍വാമ, കശ്മീര്‍ താഴ്‌വര, ജമ്മു, ലഡാക്ക് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ടായിരുന്നുവെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.


ആഗസ്റ്റ് അഞ്ചിന് അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തില്‍ കശ്മീരിനെ രണ്ടായി വിഭജിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.


അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കി. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്ബതാകും.

ഇന്ത്യയുടെ ഐക്യത്തിന് തടസമായിരുന്നു ആര്‍ട്ടിക്കിള്‍ 370. അത് മോദി സര്‍ക്കാര്‍ എടുത്തുനീക്കിയിരിക്കുന്നുവെന്നാണ് അമിത് ഷാ കഴിഞ്ഞദിവസം ശനിയാഴ്ച പറഞ്ഞത്. രാജ്യത്തെ ജനങ്ങള്‍ മോദിക്ക് നല്‍കിയ പിന്തുണയ്ക്കുള്ള മറുപടിയാണിതെന്നും അമിത് ഷാ പറഞ്ഞു.



Sharing is Caring