കൊച്ചി: കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ ടി ഒ സൂരജിനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് സി ബി ഐ തീരുമാനിച്ചു. തണ്ടപ്പേര് റദ്ദാക്കിയ സൂരജിന്റെ നടപടി തെറ്റാണെങ്കിലും കുറ്റകരമായ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല.
തനിക്കെതിരെ ഉന്നതഉദ്യോഗസ്ഥ ഗൂഡാലോചനയുണ്ടെന്നും ആരോപണവിധേയമായ ഏതു കേസിലും നുണപരിശോധനയ്ക്ക് തയാറാണെന്നും ടി ഒ സൂരജ് പ്രതികരിച്ചു. കളമശേരി കേസിലെ അന്വേഷണം അവസാനഘട്ടത്തിലെത്തിയതോടെയാണ് ടി ഒ സൂരജിനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

സൂരജിന്റെ നടപടികളില്‍ പിഴവുണ്ടെന്നും വകുപ്പുതല നടപടിയും ആവശ്യമാണെന്നും സിബി ഐ അറിയിച്ചു. എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കാന്‍ പറ്റും വിധം കുറ്റകരമായ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
സൂരജിന്റെ നടപടികള്‍ പരപ്രേരണയാലാണെന്നതിന് തെളിവില്ല. നുണപരിശോധനയിലും അത്തരത്തില്‍ സൂചനകളില്ല. അതുകൊണ്ടുതന്നെ സൂരജിനെ സാക്ഷിയാക്കിയാക്കിയാല് മതിയെന്നാണ് അന്വേഷണ സംഘം പറയുന്നത്.













