കലാമിന് ആദരാഞ്ജലികളര്‍പ്പിച്ച വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദം


Kalamറാഞ്ചി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ചിത്രത്തില്‍ മാലയിട്ട് ആദരാഞ്ജലി അര്‍പ്പിച്ച ജാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി നീരാ യാദവിന്റെ രാജിക്കായി സമ്മര്‍ദമേറി. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം സമരം തുടങ്ങിയതിനു പിന്നാലെ ബിജെപി സംസ്ഥാന ഘടകവും സ്വന്തം പാര്‍ട്ടിക്കാരനായ മന്ത്രിക്കെതിരെ തിരിഞ്ഞു.


റാഞ്ചിയില്‍നിന്നു 190 കിലോമീറ്റര്‍ അകലെ ഹസാരിബാഗ് കൊടര്‍മ സരസ്വതി ശിശു വിദ്യാമന്ദിര്‍ സ്‌കൂളില്‍ തിങ്കളാഴ്ച ബോധവല്‍ക്കരണ പരിപാടിയും സ്മാര്‍ട് ക്ലാസും ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി, കലാമിന്റെ ഫോട്ടോയില്‍ മാലയിട്ട് ആദരാഞ്ജലി അര്‍പ്പിച്ചതാണു വിവാദമായത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായതോടെ വിശദീകരണവുമായെത്തിയത് മന്ത്രിയെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിച്ചു.


സാധാരണ മരിച്ച വ്യക്തികളുടെ ഫോട്ടോയില്‍ മാത്രമേ മാല ചാര്‍ത്തി ആദരാഞ്ജലി അര്‍പ്പിക്കാറുള്ളൂവെന്നും മന്ത്രിയുടെ നടപടി കളങ്കമായെന്നും പാര്‍ട്ടി സംസ്ഥാന ഘടകം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിനിടെ മുഖ്യമന്ത്രി രഘുബര്‍ ദാസ് ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. മുഖ്യമന്ത്രി നേരത്തേ മന്ത്രിയെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായുകയും സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.



Sharing is Caring