കര്ണാടക: ആര്.ആര് നഗറിലും കോണ്ഗ്രസ് വിജയം കൈവരിച്ചതോടെ കര്ണാടകയില് മന്ത്രിസഭാ വിപുലീകരണത്തിന് അന്തിമ രൂപം നല്കാന് കോണ്ഗ്രസ്- ജെ.ഡി.എസ് സഖ്യം. കോണ്ഗ്രസിന് ആഭ്യന്തരവും ജെ.ഡി.എസിന് ധനകാര്യവും നല്കാനാണ് ധാരണ.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെയായിരിക്കും ധനകാര്യം കൈകാര്യം ചെയ്യുക. കാര്ഷിക വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള് പാലിക്കാന് കുമാരസ്വാമിക്ക് ധനകാര്യം ആവശ്യമാണ്. ഉപമുഖ്യമന്തി ജി. പരമേശ്വരക്ക് ആണ് ആഭ്യന്തരത്തിന് സാധ്യത.

സഖ്യ സര്ക്കാറില് കോണ്ഗ്രസിന് 22 ഉം ജെ.ഡി.എസിന് 12 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. ആര്ക്കൊക്കെ ഏതൊക്കെ വകുപ്പ് നല്കും തുടങ്ങി മറ്റു കാര്യങ്ങള് തിങ്കളാഴ്ചയായിരിക്കും തീരുമാനിക്കുക. സോണിയാ ഗാന്ധിയുടെ ആരോഗ്യ പരിശോധനക്കായി വിദേശത്തേക്ക് പോയ കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി കര്ണാടക മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പെട്ടെന്ന് തന്നെ മടങ്ങുമെന്നാണ് റിപ്പോര്ട്ട്.
77 സീറ്റ് കോണ്ഗ്രസിനും 37 സീറ്റ് ജെ.ഡി എസിനുമുള്ള സഖ്യ സര്ക്കാറിന് രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ഭൂരിപക്ഷം 116 ആയിരുന്നു. ആര്. ആര് നഗറില് കൂടി കോണ്ഗ്രസ് ജയിച്ചതോടെ ഭൂരിപക്ഷം 117 ആയിട്ടുണ്ട്. 104 സീറ്റാണ് പ്രതിപക്ഷമായ ബി.ജെ.പിക്കുള്ളത്












