കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: ബി എസ് യെദിയൂരപ്പ


ബംഗലൂരു: കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണം പരാജയമാണെന്നും അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ജയിലില്‍ കഴിയുന്ന എ ഐ എ ഡി എം കെ നേതാവ് ശശികലയ്ക്ക് സര്‍ക്കാര്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


ലോകായുക്ത ജസ്റ്റിസ് പി വിശ്വനാഥ ഷെട്ടിക്ക് ഓഫീസില്‍ വെച്ച്‌ കുത്തേറ്റ സംഭവത്തിലും യെദിയൂരപ്പ സര്‍ക്കാരിനെ വിമര്‍ശിച്ചു. സംസ്ഥാനത്ത് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയ്ക്ക് നേരെ നടന്ന ആക്രമണം കര്‍ണാടകത്തെ ലോകത്തിന് മുന്‍പില്‍ വിലയിടിച്ചുവെന്നും യെദിയൂരപ്പ ആരോപിച്ചു.


ബഹുമാനിതരായ ജഡ്ജിമാര്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരുകള്‍ക്ക് ഒരു മിനിട്ട് പോലും അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. ഗവര്‍ണര്‍ ഉടനെ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring