കരിപ്പൂര്‍ അപകടത്തില്‍ മരിച്ച സാഥേയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചു; ആദരാഞ്ജലി അര്‍പ്പിച്ച്‌ സഹപ്രവര്‍ത്തകര്‍


കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് ദീപക് സാഠേയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സാഠേയുടെ മൃതദേഹം മുംബൈ വിമാനത്താവളത്തില്‍ എത്തിച്ചത്. തുടര്‍ന്ന് മൂന്നേകാലോടെ വിമാനത്താവള പരിസരത്തുള്ള എയര്‍ ഇന്ത്യയുടെ ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു.


സാഠേയുടെ മകനും ഭാര്യയും മറ്റ് ബന്ധുക്കളും എയര്‍ ഇന്ത്യ ഓഫീസിലെത്തി. എയര്‍ ഇന്ത്യയിലെ പൈലറ്റുമാരും മറ്റ് ഉദ്യോഗസ്ഥരും ഓഫീസിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. യു.എസില്‍ നിന്ന് ഒരു മകന്‍ എത്താനുള്ളതിനാല്‍ സംസ്‌കാരം ചൊവ്വാഴ്ചയേ നടത്തൂ എന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും.


വെള്ളിയാഴ്ച രാത്രി 7.41ന് കോഴിക്കോട് വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് 35 അഴി താഴ്ചയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. പൈലറ്റുമാരായ ഡി.വി സാഥേയും അഖിലേഷും ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്. മരിച്ചവരില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടുന്നു. ആറ് ജീവനക്കാരടക്കം 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.



Sharing is Caring