കന്യാകുമാരിയിലെ കടലുകള്‍

തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പട്ടികയില്‍ നിരവധി സ്ഥലങ്ങള്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് അന്നും ഇന്നും പ്രിയം ഒറ്റയിടമാണ്. കേരളത്തിന്റെ തെക്കേ അറ്റത്തോട് ചേര്‍ന്ന് കടലിലോട്ടിറങ്ങി മൂന്നു സമുദ്രങ്ങളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കന്യാകുമാരിയെ കഴിഞ്ഞേയുള്ളൂ മലയാളികള്‍ക്ക് തമിഴ്‌നാട്ടിലെ മറ്റേത് സ്ഥലവും.

തിരുവുള്ളവര്‍ പ്രതിമയും കന്യാകുമാരി ക്ഷേത്രവും വിവേകാനന്ദപ്പാറയും ഒക്കെയായി ഇവിടുത്തെ കാഴ്ചകള്‍ അനവധിയുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി വ്യത്യസ്തമായ കാഴ്ചകള്‍ തേടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ഇടം ഇവിടുത്തെ ബീച്ചുകളാണ്. ചുറ്റോടുചുറ്റും ബീച്ചുകള്‍ ഉണ്ടെങ്കിലും കന്യാകുമാരിയില്‍ തീര്‍ച്ചായു കണ്ടിരിക്കേണ്ട അഞ്ച് ബീച്ചുകള്‍ പരിചയപ്പെടാം

കന്യാകുമാരി ബീച്ച്

കന്യാകുമാരിയില്‍ ഏറ്റവും അധികം ആളുകള്‍ എത്തുന്നതും തിരക്കേറിയതുമായ ഇടമാണ് കന്യാകുമാരി ബീച്ച്. കന്യാകുമാരിയില്‍ വന്നാല്‍ ബീച്ച് കാണാതെ ആ യാത്ര പൂര്‍ത്തിയാകാത്തതിനാല്‍ വര്‍ഷം മുഴുവന്‍ ഇത് തേടി സഞ്ചാരികളെത്താറുണ്ട്. ഇതേകാരണം കൊണ്ട് ഇവിടം ഓഫ്ബീറ്റ് ട്രാവലേഴ്‌സിന് അത്ര പ്രിയമല്ല.എന്നാല്‍ ആദ്യമായി കന്യാകുമാരി സന്ദര്‍ശിക്കുമ്പോള്‍ ഒഴിവാക്കരുതാത്ത ഇടമാണിത്. വിവിധ നിറങ്ങളില്‍ മണല്‍ത്തരികള്‍ കാണപ്പെടുന്ന ഇടം കൂടിയാണിത്.

ഉവ്വാരി ബീച്ച്

കന്യാകുമാരിയിലെ പ്രധാന പട്ടണത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബീച്ചാണ് ഉവ്വാരി ബീച്ച്. തിരുനെല്‍വേലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പക്ഷേ, അധികം സഞ്ചാരികളൊന്നും എത്തിച്ചേരാത്ത ഇടമാണ്. മലിനമാകാത്ത പ്രകൃതിയും പരിസരവുമാണ് ഈ ബീച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. കന്യാകുമാരി ബീച്ചിനെ ഒഴിവാക്കി മറ്റൊരു ഇടമാണ് തേടുന്നതെങ്കില്‍ തീര്‍ച്ചയായും ഉവ്വാരി ബീച്ച് പരിഗണിക്കാം, ബീച്ച് കൂടാതെ സെന്റ് ആന്റണീസ് ഷ്രൈന്‍ ബസലിക്ക, കപ്പല്‍ മാതാ ക്ഷേത്രം, സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് തുടങ്ങിയവയും ഇവിടെ കാണാം.

ശംഖുതുറൈ ബീച്ച്

കന്യാകുമാരിയില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബീച്ചാണ് ശംഖുതുറെ ബീച്ച്. നാഗര്‍കോവിലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഊ ബീച്ച് ഇവിടുത്തെ സമീപ പ്രദേശങ്ങളില്‍ ഏറ്റവും മനോഹരമായ ഇടമാണ്. പ്രദേശവാസികളുടെ ഇടയില്‍ ഏറെ പ്രശസ്തമായ ഇവിടം വീക്കെന്‍ഡ് ഡെസ്റ്റിനേഷ്യന്‍ എന്ന നിലയിലാണ് പ്രശസ്തമായിരിക്കുന്നത്

സോതവിലെ ബീച്ച്

കൊത്താവിലെ ബീച്ച് എന്നറിയപ്പെചുന്ന സോതവിലെ ബീച്ച് കന്യാകുമാരിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 4 കിലോമീറ്ററോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന തീരമാണ് ഇതിന്‍രെ പ്രത്യേകത. തമിഴ്‌നാട്ടിലെ ഏറ്റവും നീളമുള്ള ബീച്ചുകളില്‍ ഒന്നുകൂടിയാണിത്. എത്ര മണിക്കൂറുകള്‍ ചിലവിട്ടാലും മടുപ്പിക്കാത്ത ഇവിടം കുടുംബവുമായി വരാന്‍ യോജിച്ച സ്ഥലമാണ്.

മുട്ടം ബീച്ച്

കന്യാകുമാരിയില്‍ നിന്നും 31 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ബീച്ചാണ് മുട്ടം ബീച്ച്. നീണ്ട അവധി ദിനങ്ങള്‍ ആരുടെയും ശല്യമില്ലാതെ ആഘോഷിച്ച് തീര്‍ക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടം തിരഞ്ഞെടുക്കാം. ഫോട്ടോഗ്രഫി മുതല്‍ മീന്‍ പിടുത്തം, നീന്തല്‍, തുടങ്ങിയ കരാ്യങ്ങള്‍ക്കെല്ലാം ഇവിടെ സൗകര്യമുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *