കണ്ണൂര്‍ വിമാനത്താവളം: കണ്ടെയ്നര്‍ ലോറികള്‍ മാഹിയില്‍ കുടുങ്ങി


മാഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയ്റോ ബ്രിഡ്ജുകള്‍ കയറ്റി കൊണ്ട് പോകുന്ന കണ്ടെയ്നര്‍ ലോറികള്‍ മാഹിയില്‍ കുടുങ്ങി. റോഡിലെ അസൗകര്യം കാരണം കഴിഞ്ഞ രണ്ട് ദിവസമായി അഴിയൂര്‍ ചെക്ക് പോസ്റ്റ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറി ഇന്ന് രാവിലെ 6.30 ഓടെയാണ് യാത്ര പുനരാരംഭിച്ചത്.എന്നാല്‍, മൂന്ന് കിലോമീറ്റര്‍ താണ്ടിയ കണ്ടെയ്നറുകള്‍ മാഹി സ്റ്റാച്യു ജംങ്ഷനിലെ വളവില്‍ കുടുങ്ങുകയായിരുന്നു. മാഹിയിലെ വീതി കുറഞ്ഞ റോഡും വളവുമാണ് 34 മീറ്റര്‍ നീളമുള്ള കണ്ടെയ്നറിന്‍റെ യാത്ര തടസപ്പെടുത്തിയത്. ജംങ്ഷനിലെ മതിലുകള്‍ ഉള്‍പ്പെടെ പൊളിച്ച്‌ മാറ്റി കണ്ടെയ്നര്‍ ലോറി നീക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണ്. കണ്ടെയ്നര്‍ ലോറികള്‍ വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം വഴി തിരിച്ച്‌ വിട്ടിരിക്കുകയാണ്.


ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത എയ്റോബ്രിഡ്ജുകള്‍ ദേശീയ പാതയിലൂടെ തലശേരി, മുഴപ്പിലങ്ങാട്, മേലേ ചൊവ്വ വഴി മട്ടന്നൂര്‍ റോഡിലേക്ക് കടക്കും. 30ന് എയ്റോ ബ്രിഡ്ജുകള്‍ വിമാനത്താവളത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.




Sharing is Caring