അര്‍ജന്റീനന്‍ സൂപ്പര്‍താരം ലാന്‍സിനി ഒരു വര്‍ഷത്തേക്ക് കളിക്കില്ല


അര്‍ജന്റീനയുടെ മധ്യനിര താരം മാനുവല്‍ ലാന്‍സിനിയുടെ പരുക്കുകള്‍ അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീനന്‍ ടീമിനൊപ്പമുള്ള ട്രെയിനിംഗിനിടെയാണ് വലതു കാല്‍പാദത്തിന്റെ ലിഗ്മെന്റിനു പരിക്കേറ്റതിനെ തുടര്‍ന്ന് ലാന്‍സിനി ലോകകപ്പിനുള്ള ടീമില്‍ നിന്നു പുറത്താക്കപ്പെടുന്നത്. പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിന്റെ താരമായ ലാന്‍സിനിക്ക് പതിനഞ്ചു മാസത്തോളം പരിക്കു മൂലം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.


ലാന്‍സിനിയുടെ പരിക്ക് ഏറ്റവും കൂടുതല്‍ തിരിച്ചടി നല്‍കുക ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡിനാണ്. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ മാനുവല്‍ പെല്ലഗ്രിനിയുടെ കീഴില്‍ പുതിയ സീസണിനിറങ്ങുന്ന വെസ്റ്റ് ഹാമിന് ടീമിലെ പ്രധാന താരമായ ലാന്‍സിനിയുടെ പരിക്ക് വളരെ വലിയ തിരിച്ചടിയാണു നല്‍കുക.


ലാന്‍സിനിക്കു പകരക്കാരനായി റിവര്‍പ്ലേറ്റ് താരം എന്‍സോ പെരസാണ് അര്‍ജന്റീനിയന്‍ ടീമില്‍ ഇടം പിടിച്ചത്. സാംപോളിയുടെ ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്ന ലാന്‍സിനി പരിക്കേറ്റു പുറത്തായത് അര്‍ജന്റീനയെ വലിയ രീതിയില്‍ തന്നെ ബാധിച്ചിരുന്നു. ആദ്യ രണ്ടു മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിനു കഴിയാതിരുന്നത് ഇക്കാരണം കൊണ്ടു കൂടിയാണെന്നത് വ്യക്തമാണ്.



Sharing is Caring