ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളി കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇന്ന് നിര്‍ണായകം. സ്വാഭാവിക ജാമ്യം തേടിയുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ഇക്കഴിഞ്ഞ ജനുവരി 21ന് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു.ദ്വാരപാലക കേസില്‍ കര്‍ശന ഉപാധികളോടെയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. തൊണ്ണൂറ് ദിവസത്തിലധികമായി ജയിലില്‍ കഴിയുകയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങും. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ കൂടുതല്‍ കേസുകളെടുക്കാനുള്ള എസ്‌ഐടിയുടെ നീക്കം പാളി.

സാമ്പത്തിക തട്ടിപ്പില്‍ കേസുകളെടുക്കാനുള്ള നീക്കം എസ്‌ഐടി ഉപേക്ഷിച്ചു. പരാതിക്കാര്‍ വീണ്ടും വരാന്‍ തയ്യാറാകാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. നിലവിലുള്ള റിയല്‍ എസ്റ്റേറ്റ്, ചെക്ക് കേസുകള്‍ ഒത്തുതീര്‍പ്പായി. കോടതിയില്‍ തിരിച്ചടിയാകുമെന്നും എസ്‌ഐടി വിലയിരുത്തുന്നു. പുതിയ പരാതിക്കാരെ കണ്ടെത്താനാവാത്തതും തിരിച്ചടിയാണ്. ഇതോടെ പുറത്തിറങ്ങുന്ന പോറ്റിയെ അറസ്റ്റ് ചെയ്യാനാവില്ല.













