കടലാക്രമണത്തില്‍ വയോധികനെ രക്ഷിച്ച പോലീസുകാരന് അഭിനന്ദനപ്രവാഹം


ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ചെല്ലാനത്തുണ്ടായ കടലാക്രമണത്തില്‍ വീട്ടില്‍ ഒറ്റപ്പെട്ടുപോയ വയോധികനെ രക്ഷിച്ച പോലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂസിന് അഭിനന്ദനപ്രവാഹം. നാട്ടുകാരില്‍ നിന്നും പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും മാത്രമല്ല, വിദേശത്തു നിന്നുവരെ ആന്‍ഡ്രൂസിന് അഭിനന്ദനമറിയിച്ച്‌ കോളുകള്‍ വരുന്നു. തിങ്കളാഴ്ച വൈകിട്ട് മലപ്പുറം പെരിന്തല്‍മണ്ണയിലെ കെവിഎച്ച്‌ ഗ്രൂപ്പ് എംഡി കെ. വി. ഉസ്മാനും സംഘവും ചെല്ലാനത്ത് നേരിട്ടെത്തി ആന്‍ഡ്രൂസിനെ അഭിനന്ദിച്ചു.
അപ്രതീക്ഷിതമായി കടലാക്രമണമുണ്ടായ ജനവാസപ്രദേശമായ ചെല്ലാനം ബസാറിലാണ് കണ്ണമാലി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ആന്‍ഡ്രൂസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കടലാക്രമണം രൂക്ഷമായതോടെ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇതിനുശേഷം പേവലീസിനും ഇവിടെ നില്‍ക്കാനാകാത്ത അവസ്ഥ വന്നു. പിന്‍വാങ്ങുന്നതിന് മുമ്ബ് വീടുകള്‍ തോറും കയറി നടത്തിയ തിരച്ചിലിലാണ് ആന്റണി എന്ന അറുപത്തഞ്ചുകാരനെ ആന്‍ഡ്രൂസ് രക്ഷിച്ചത്. കാലില്‍ സ്റ്റീല്‍ ഇട്ടിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ പേടിച്ചിരുന്ന ആന്റണിയെ ആന്‍ഡ്രൂസ് തോളിലെടുത്ത് കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതുസംബന്ധിച്ച വാര്‍ത്ത കണ്ടാണ് ഉസ്മാനും സംഘവും ആന്‍ഡ്രൂസിനെ ആദരിക്കാനായി തിങ്കളാഴ്ച രാത്രിയോടെ നോര്‍ത്ത് ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്ബിലെത്തിത്തിയത്. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഉസ്മാനും കണ്ണമാലി എസ്‌ഐ തൃദീപ് ചന്ദ്രനും പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഗ്രൂപ്പ് മാനേജര്‍ സോമസുന്ദരം ആന്‍ഡ്രൂസിനെ പൊന്നാടയണിയിച്ചു.
മാതൃഭൂമി ഡോട്ട് കോമിലൂടെയാണ് ഞങ്ങള്‍ ആന്‍ഡ്രൂസിന്റെ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചറിഞ്ഞത്. ഉടനെ ഓഫീസില്‍ വിളിച്ച്‌ ആന്‍ഡ്രൂസിന്റെ നമ്ബര്‍ സംഘടിപ്പിക്കുകയായിരുന്നു. ഒരു പോലീസുകാരനെന്ന നിലയില്‍ ആന്‍ഡ്രൂസ് തന്റെ ഡ്യൂട്ടി മാത്രമാണ് ചെയ്തത്. എന്നാല്‍, അതില്‍ അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥതയാണ് ഞങ്ങളെ സ്പര്‍ശിച്ചത് -ഉസ്മാന്‍ പറഞ്ഞു.
ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച്‌ സംസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ എത്തുന്ന എല്ലാ കുട്ടികള്‍ക്കും ഞങ്ങള്‍ തന്നെ നിര്‍മിക്കുന്ന ബ്യൂണോ ബേബി ബെഡ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കെവിഎച്ച്‌ ഗ്രൂപ്പ് ചെയ്യുന്നുണ്ട്. എന്നാല്‍, അവ മാത്രമല്ല സമൂഹത്തിന് മാതൃകയാകുന്ന ആന്‍ഡ്രൂസിനെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടതും നമ്മുടെ കടമായാണെന്ന് സോമസുന്ദരം പറഞ്ഞു.
വാര്‍ത്തയും വീഡിയോയും കണ്ട് ധാരാളം പേര്‍ നേരിട്ടും ഫോണില്‍ വിളിച്ചുമൊക്കെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഇത്രയും ദൂരെനിന്നും ആദരവുമായി ആരെങ്കിലും വരുന്നത് ആദ്യമാണെന്ന് ആന്‍ഡ്രൂസ് പറഞ്ഞു. കമ്മിഷണര്‍ എം.പി.ദിനേശ് സാര്‍ വിളിച്ചിരുന്നു. കൊച്ചി സിറ്റി ജില്ലാ പോലീസ് അസോസിയേഷനും റിട്ട. പോലീസ് അസോസിയേഷനുമൊക്കെ ഉപഹാരം നല്‍കി. ഇതൊന്നും പ്രതീക്ഷിച്ചല്ല അന്നത് ചെയ്തത്. അവിടത്തെ സാഹചര്യം അതായിരുന്നു. അദ്ദേഹത്തെ ഏതുവിധേനയും രക്ഷിക്കേണ്ടത് എന്റെ കടമയും. അത് ചെയ്തെന്നുമാത്രം. പിന്നീട് വീഡിയോ പ്രചരിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തതോടെയാണ് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയത്. എല്ലാവര്‍ക്കും നന്ദി- ആന്‍ഡ്രൂസ് പറഞ്ഞു.
ആലപ്പുഴ പള്ളിത്തോട് സ്വദേശിയായ ആന്‍ഡ്രൂസ് 12 വര്‍ഷമായി സര്‍വീസില്‍ കയറിയിട്ട്. ഭാര്യ ജൂലി. മകന്‍ എസ്റ്റസ് നാലാംക്ലാസിലും മകള്‍ മെറിന്‍ രണ്ടാംക്ലാസിലും പഠിക്കുന്നു




Sharing is Caring