ബെംഗളൂരു: കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ ഉടന്‍ താഴെയിറക്കാനാകില്ലെന്ന് ഉറപ്പായതോടെ ബിജെപി എംഎല്‍എമാര്‍ ദില്ലിയില്‍ നിന്ന് മടങ്ങിത്തുടങ്ങി. സിദ്ധഗംഗ മഠത്തിലെ 112 വയസ്സുള്ള സ്വാമിയെ കാണാനാണ് ഒഴിവുകാലയാത്ര റദ്ദാക്കി തിരികെ വരുന്നതെന്നാണ് എംഎല്‍എമാര്‍ പറയുന്നത്. ഗുരുഗ്രാമിലെ റിസോര്‍ട്ടിലായിരുന്നു ബിജെപിയുടെ 104 എംഎല്‍എമാരും.
ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ ഒഴിവുകാലം ചെലവഴിക്കാനാണ് എംഎല്‍എമാര്‍ പോയതെന്നാണ് ഇപ്പോള്‍ യെദ്യൂരപ്പ പറയുന്നത്. സര്‍ക്കാരിനെ താഴെയിടാന്‍ ഒരു പദ്ധതിയുമില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കുന്നു. ഇന്നലെ രാത്രി തന്നെ യെദ്യൂരപ്പ ബെംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു.

ഈ ആഴ്ച അവസാനത്തോടെ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് എംഎല്‍എമാരെ ബിജെപി നേതൃത്വം പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതായാണ് സൂചന. ദില്ലിയിലെ കൊടും തണുപ്പ് സഹിക്കാന്‍ വയ്യെന്നും തിരികെ വരണമെന്നും ചില എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ‘മധുരമുള്ള ഒരു വാര്‍ത്ത’ വരുമെന്ന് പറഞ്ഞ് എംഎല്‍എമാരെ ദില്ലിയില്‍ തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു നേതാക്കള്‍.
ഓരോ മുറിയ്ക്കും ദിവസം മുപ്പതിനായിരം രൂപ വാടകയുള്ള പഞ്ചനക്ഷത്രറിസോര്ട്ടിലായിരുന്നു എംഎല്‍എമാര്‍.
ഇന്ന് രാവിലെ തുംകുരുവിലെ സിദ്ധഗംഗ മഠത്തിലെത്തിയ യെദ്യൂരപ്പ ഇനി രണ്ട് നാള് അവിടെ തുടരുമെന്നാണ് വ്യക്തമാക്കിയത്. പാഴായിപ്പോയ പരിശ്രമത്തെച്ചൊല്ലി സംസ്ഥാനബിജെപിക്കുള്ളില്ത്തന്നെ അതൃപ്തി പുകയുന്നുണ്ടെന്നാണ് വിവരം. ദക്ഷിണ കന്നഡ എംപി നളിന്‍കുമാര്‍ കട്ടീലും മഹാരാഷ്ട്ര മന്ത്രി രാം ഷിന്‍ഡെയും ഈ ആഴ്ചയ്ക്കകം തന്നെ കര്‍ണാടകത്തിലെ സര്‍ക്കാര്‍ താഴെ വീഴുമെന്നും ബിജെപി സര്‍ക്കാര്‍ വരുമെന്നും പ്രഖ്യാപിച്ചിരുന്നു. അതിലും ബിജെപി നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും അതൃപ്തിയുണ്ട്. തിരക്കിട്ട് നടത്തിയ അത്തരം പ്രഖ്യാപനങ്ങള്‍ സംസ്ഥാനബിജെപി ഘടകത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നാണ് പൊതുവിലുള്ള വികാരം.
ഗുരുഗ്രാമിലെ റിസോര്‍ട്ടിലും മുംബൈയിലെ ഹോട്ടലില്‍ ബിജെപി നേതാക്കള്‍ കൊണ്ടുപോയി താമസിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയിലും ജെഡിഎസ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ‘ചാരന്മാര്’ ഉണ്ടായിരുന്നെന്നാണ് സൂചന. വിമത കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന രമേശ് ജര്‍ക്കിഹോളി ഉള്‍പ്പടെയുള്ളവര്‍ മുംബൈയിലെ ഹോട്ടലിലായിരുന്നു. അവര്‍ ഉടന്‍ തിരിച്ചുവരുമെന്നാണ് കരുതുന്നത്.
‘ഒഴിവുകാലം’ ആഘോഷിച്ച് മടങ്ങിവരുന്നവര്‍ക്ക് സ്വാഗതം എന്നാണ് കോണ്‍ഗ്രസ് പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു പരിഹാസരൂപേണ ട്വീറ്റ് ചെയ്തത്.
We extend a hearty welcome to all Karnataka BJP MLAs who are returning home after an extended holiday at a luxury resort near Delhi. Now that they are sufficiently rejuvenated let us hope they will attend to the work of their constituencies which they have neglected for long.
— KPCC President (@KPCCPresident) January 17, 2019












