നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാനെത്തിയ മലയാള താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗം നടി സജിത മഠത്തില്‍. നടിയെ ഫോണില്‍ പോലും വിളിച്ച് അന്വേഷിക്കാത്തവരാണ് ജയിലിലെത്തി ദിലീപിന് പിന്തുണ പ്രഖ്യാപിച്ചവരെന്ന് സജിത പറഞ്ഞു.
സിനിമാ മേഖലയില്‍ വളരെ അടുപ്പമുള്ളവര്‍ ഒഴിച്ച് പിന്തുണ പ്രഖ്യാപിച്ച് ഒരാള്‍ പോലും നടിയെ വിളിച്ചിട്ടില്ലെന്നും സജിത പറയുന്നു. പ്രതി എന്ന് ആരോപിക്കപ്പെട്ടിരിക്കുന്നയാള്‍ക്ക് ഒപ്പമാണ് എല്ലാവരുമെന്നും സജിത പറയുന്നു.വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ദിലീപ് പുറത്തിറങ്ങുന്നതിനോട് ഒരു വിരോധവുമില്ല. പക്ഷെ നടിയെ വിഷമിപ്പിക്കുന്ന നിലയില്‍ എന്തെങ്കിലും നിലപാട് എടുക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒരു അവകാശവുമില്ല.
സുഹൃത്തായ ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അയാള്‍ക്കൊപ്പം നില്‍ക്കണമെന്ന പുരുഷന്മാരുടെ രീതിയായിരിക്കാം ഇത്. ഇത് വലിയ ഒരു പിആര്‍ വര്‍ക്കാണെന്നാണ് തോന്നുന്നതെന്നും അവര്‍ പറയുന്നു. അവളുടെ ഒപ്പം നില്‍ക്കണമെന്നില്ല.
പക്ഷെ എതിരായ നിലപാട് സ്വീകരിക്കാതിരിക്കാമായിരുന്നെന്നും സജിത പറയുന്നു.













