ഓം പ്രകാശ് ലഹരിക്കേസ്; ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് പൊലീസ്


ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്ബാകെ ഹാജരായി.കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി ഹാജരായത്. ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ലഹരിക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തേടുന്നത്. ഇന്ന് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്.
കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാര്‍ട്ടിനോടും ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നിർദേശം നല്‍കിയിരുന്നു.


പ്രയാഗ മാര്‍ട്ടിൻ ഇതുവരെ ഹാജരായിട്ടില്ല.ഇന്നലെ പ്രയാഗയുടെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. രാവിലെ എത്താനായിരുന്നു നിര്‍ദേശം. ഇന്ന് തന്നെ പ്രയാഗ സ്റ്റേഷനില്‍ എത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കേസില്‍ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിന്‍റെ ഫോണ്‍ പരിശോധനയില്‍ തമ്മനം ഫൈസലിന്‍റെ ഫോണ്‍ നമ്ബർ കണ്ടതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ഹോട്ടല്‍ മുറിയിലെ ഫോറൻസിക്ക് പരിശോധന റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.


നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ ഇരുപത് പേര്‍ വേറെയുമുണ്ടായിരുന്നു. മുറിയില്‍ ലഹരിപാര്‍ട്ടി നടന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയത്.

റിമാൻൻഡ് റിപ്പോർട്ടില്‍ പേരുള്ള 20 പേരില്‍ മറ്റ് ചിലരെയും അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഓംപ്രകാശ് താമസിച്ചിരുന്ന മുറിയില്‍ ലഹരിയുടെ അംശം കണ്ടെത്തി എന്നാണ് വിവരം. കേസിന്റെ പുരോഗതിയില്‍ ഈ റിപ്പോർട്ട് ഗുണം ചെയ്യും.



Sharing is Caring