ഒരു പിതാവിന്റെ ഉത്കണ്ഠ ഒതുക്കിപിടിച്ചുകൊണ്ട് ബാലഭാസ്‌കര്‍ അടുത്തേക്ക് ഓടിവന്നു; എന്നിട്ട് പറഞ്ഞു ‘മകളാണ്, പേര് തേജസ്വിനി’; ബാലഭാസ്‌കറിന്റെ ഓര്‍മ്മകളില്‍ കെ.എസ്.ശബരിനാഥന്‍ എംഎല്‍എ

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടവാങ്ങിയത് വിശ്വസിക്കാനാകാതെ മലയാളികള്‍. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

അവസാനമായി ബാലഭാസ്‌കറെ കണ്ട ദിനം ഓര്‍ത്തെടുക്കുകയാണ് ശബരിനാഥന്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആ ദിനം ശബരിനാഥന്‍ ഓര്‍ത്തെടുക്കുന്നത്.

ശബരിനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബാലഭാസ്‌കര്‍ നമ്മളെ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാന്‍ എനിക്ക് വ്യക്തിപരമായി പ്രയാസമാണ്. തിരുവനന്തപുരത്തിന്റെ വീഥികളില്‍ ഒരു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വയലിന്‍ മാസ്മരികതയിലും കാപട്യമില്ലാത്ത വിനയത്തിലും അലിഞ്ഞുചേരാത്ത മലയാളികള്‍ വിരളം.

ഞാന്‍ അവസാനമായി അദ്ദേഹത്തെ കാണുന്നത് ഈയിടക്ക് ബേക്കറി ജംഗ്ഷനിലെ ഒരു റെസ്റ്റോറന്റിലാണ്. ദിവ്യയും ഞാനും ഭക്ഷണം കഴിക്കുമ്പോള്‍ ഒരു കുഞ്ഞു പെണ്‍കുട്ടി നമ്മുടെ ടേബിളിലേക്ക് വന്നു. ഈ കുട്ടിയെ വാത്സല്യത്തോടെ ഓമനിക്കുമ്പോള്‍ ഒരു പിതാവിന്റെ ഉത്കണ്ഠ ഒതുക്കിപിടിച്ചുകൊണ്ട് ബാലഭാസ്‌കര്‍ അടുത്തേക്ക് ഓടിവന്നു, എന്നിട്ട് പറഞ്ഞു ‘മകളാണ്, പേര് തേജസ്വിനി’.

രണ്ടുപേരും ഇന്ന് ഭൂമിയില്ല. ഇരുവരുടെയും ഹൃദയത്തില്‍ തുളച്ചുകയറുന്ന നിഷ്‌കളങ്കമായ ചിരിയും അതിന്റെ സംഗീതവും മനസ്സില്‍ മായാതെ നില്‍ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *