ഒന്നാം ഘട്ടം കൃഷിയിറക്കല്‍ ഈമാസം പൂര്‍ത്തീകരിക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍


ഈ മാസം 30നകം ആറന്മുള പദ്ധതി പ്രദേശത്തുള്‍പ്പടെ ഒന്നാം ഘട്ടം കൃഷിയിറക്കല്‍ പൂര്‍ത്തീകരിക്കുമെന്ന് കൃഷിവകുപ്പുമന്ത്രി വി.എസ് സുനില്‍കുമാര്‍. 56 ഹെക്ടര്‍ സ്ഥലത്താണ് ആറന്മുളയില്‍ ആദ്യഘട്ടത്തില്‍ കൃഷിയിറക്കുന്നത്. പദ്ധതി പ്രദേശത്തുള്‍പ്പടെ 240 ഏക്കര്‍ സ്ഥലത്തേക്ക് ഇനി കൃഷി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 29 ന് ആറന്മുള പുഞ്ചയില്‍ നെല്‍വിത്തെറിഞ്ഞ ശേഷമുള്ള കാര്യങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ആറന്മുളയിലെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആറന്മുളയിലും മെത്രാന്‍ കായലിലും ഉള്‍പ്പടെ തരിശുകിടക്കുന്ന എല്ലാ സ്ഥലത്തും കൃഷിയിറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആറന്മുള വിമാനത്താവളം ഇനി അടഞ്ഞ അധ്യായമാണ്. വിമാനത്താവളമല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം പദ്ധതിയുടെ തത്വത്തിലുള്ള അംഗീകാരം മന്ത്രിസഭ റദ്ദാക്കിയതിലൂടെ വ്യക്തമായി. ജില്ലയിലെ ലാന്റ് ബോര്‍ഡ് രൂപീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.


ആറന്മുള പദ്ധതി പ്രദേശത്തെ മിച്ചഭൂമി കേസ് ഉടന്‍ തീര്‍പ്പാക്കും. തുടന്ന് മിച്ചഭൂമിയായി പ്രഖ്യാപിക്കുന്ന നടപടിയും ഉണ്ടാകും. പദ്ധതി പ്രദേശത്തെ മണ്ണ് മാറ്റുന്ന ജോലികള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്ത് കുടില്‍ക്കെട്ടി താമസിക്കുന്നവരെ ഭൂരഹിതര്‍ക്ക് വീട് നല്‍കി പുനരധിവസിപ്പിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring