ഒഡിഷയിൽ ബസ് ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് മറിഞ്ഞു 5മരണം

ബസ് ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച രാത്രി ഒമ്ബത് മണിയോടെയാണ് അപകടമുണ്ടായത്.

40ഓളം യാത്രക്കാരുമായി പുരിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന ബസ് ദേശീയ പാത 16ലെ ബരാബതി പാലത്തില്‍ നിന്ന് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജാജ്പൂര്‍ പൊലീസ് സൂപ്രണ്ടും ഡോക്ടര്‍മാരുടെ സംഘവും മറ്റ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും അപകടസ്ഥലത്തുണ്ട്.

ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ബസ് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ കട്ടക്ക് എസ്‌സിബി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് എന്ന് ധര്‍മ്മശാല പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ തപന്‍ കുമാര്‍ നായിക് പറഞ്ഞു.

അഗ്‌നിശമന സേനാംഗങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും മരണം സംഭവിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

‘ജാജ്പൂര്‍ ജില്ലയിലെ ബര്‍ബതി സ്ട്രീറ്റ് ഏരിയയിലുണ്ടായ പാസഞ്ചര്‍ ബസ് അപകടം അതീവ സങ്കടകരമാണ്. മരിച്ചവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നു. കൂടാതെ, പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ ,’ മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *