ഒടുവില്‍ ജയം; മൂസില്‍ നഗരം പൂര്‍ണമായും സര്‍ക്കാര്‍ തിരിച്ചു പിടിച്ചു


മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ മൂസില്‍ നഗരം ഇറാഖിലെ മൂസില്‍ നഗരം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി മൂസിലില്‍ നേരിട്ടെത്തി വിജയം പ്രഖ്യാപിച്ചു.


ഒന്‍പത് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖ് സൈന്യം തന്ത്രപ്രധാന നഗരമായ മൂസില്‍ ഐ എസില്‍ നിന്ന് പിടിച്ചെടുത്തത്. പ്രധാന ഇടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തിയും ആഹ്ലാദ പ്രകടനം നടത്തിയും സൈന്യം വിജയം ആഘോഷിച്ചു.


ടൈഗ്രിസ് നദിക്കരയില്‍ ഇറാഖിന്റെ ദേശീയ പതാക പാറിക്കുന്നതിന് കഠിന പ്രയത്‌നം ചെയ്ത സൈനികരെ ഹൈദര്‍ അല്‍ അബാദി അഭിനന്ദിച്ചു.

പരാജയം അടുത്തെത്തി എന്ന് ഉറപ്പായതോടെ തീവ്രവാദകളില്‍ പലരും ടൈഗ്രിസ് നദിയില്‍ ചാടി രക്ഷപ്പെട്ടിരുന്നു. നഗരത്തില്‍ ബാക്കിയുണ്ടായിരുന്ന നൂറിലേറെ ഐ.എസ് തീവ്രവാദികളെ സൈന്യം നിയന്ത്രണത്തിലാക്കി.

കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കന്‍ വ്യോമാക്രമണങ്ങളുടെ പിന്തുണയോടെ ഇറാഖ് സൈന്യം ആരംഭിച്ച പോരാട്ടങ്ങള്‍ക്കാണ് ഇതോടെ അന്ത്യമാകുന്നത്. 2014 ജൂണിലായിരുന്നു ഐ.എസ് മൂസില്‍ കീഴടക്കിയത്.



Sharing is Caring