ഐ.പി.എല്‍. എന്തായാലും ഇന്ത്യയില്‍ പുനരരാംഭിക്കില്ല; നാലു വേദികള്‍ പരിഗണനയിലെന്നു ഗാംഗുലി, സാധ്യത യു.എ.ഇയില്‍

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവച്ച ഐ.പി.എല്‍. മത്സരങ്ങള്‍ എന്തു വന്നാല്‍ ഇന്ത്യയില്‍ പുനരാരംഭിക്കില്ലെന്നു ബി.സി.സി.ഐ. അധ്യക്ഷന്‍ സൗരവ് ഗാംഗുലി. രാജ്യത്തിനു പുറത്ത് മത്സരങ്ങള്‍ നടത്താന്‍ ശ്രമിച്ചു വരികയാണെന്നും നാലു വേദികള്‍ പരിഗണനയിലുണ്ടെന്നും ഗാംഗുലി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ മത്സരം പുനരാരംഭിക്കാനാകില്ല. കോവിഡ് പ്രതിസന്ധി തീരുംവരെ കാത്തിരിക്കാനുമാകില്ല. മത്സരങ്ങള്‍ ഉപേക്ഷിച്ചാല്‍ 2500 കോടി രൂപയുടെ നഷ്ടമാണ് ബി.സി.സി.ഐയ്ക്ക് ഉണ്ടാകുക. ഈ സാഹചര്യത്തില്‍ രാജ്യത്തിനു പുറത്ത് മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് ആലോചനകള്‍ നടക്കുകയാണ്- ഗാംഗുലി പറഞ്ഞു.

നിലവില്‍ നാലു രാജ്യങ്ങള്‍ ഐ.പി.എല്ലിന് ആതിഥ്യം വഹിക്കാനായി രംഗത്തുണ്ട്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ആദ്യം രംഗത്തുവന്നത്. പിന്നീട് ശ്രീലങ്കയും ഈ ആവശ്യവുമായി ബി.സി.സി.ഐയെ സമീപിച്ചിരുന്നു.

ഇതിനു പുറമേ യു.എ.ഇയാണ് പരിഗണനയിലുള്ള മറ്റൊരു രാജ്യം. ഇന്ത്യയില്‍ നിന്നു മാറ്റിയ ട്വന്റി 20 ലോകകപ്പിന് യു.എ.ഇയാണ് ആതിഥ്യം വഹിക്കുക. ഇതിനാല്‍ ലോകകപ്പിനു മുന്നോടിയായി ഇവിടെ ഐ.പി.എല്‍. നടത്തിയാല്‍ താരങ്ങള്‍ക്കു ഇവിടവുമായി പരിചയപ്പെടാനും സഹായിക്കുമെന്ന വിലയിരുത്തലിലാണ് ബി.സി.സി.ഐ.

ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറഞ്ഞ് സാധാരണ നിലയിലായാലും മത്സരങ്ങള്‍ നടത്തുക സാധ്യമല്ലെന്നും ബി.സി.സി.ഐ. പറഞ്ഞു. നിലവിലെ 14 ദിവസ ക്വാറന്റിന്‍ നിയമങ്ങളും മറ്റും സമയക്രമത്തെ കാര്യമായി ബാധിക്കുമെന്നതിനാലാണത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *