ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയില്‍ ഒറ്റപ്പെട്ട് പാകിസ്താന്‍

യുനൈറ്റഡ് നേഷന്‍സ്: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയില്‍ ഒറ്റപ്പെട്ട് പാകിസ്താന്‍. ചൈന മാത്രമാണ് കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് അനുകൂലമായ നിലപാടെടുത്തത്. രക്ഷാസമിതിയിലെ നിലവിലെ സാഹചര്യം പാകിസ്താന് ഒട്ടും അനുകൂലമല്ലെന്ന് പ്രമുഖ പാകിസ്താനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുകയും കശ്മീര്‍ വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് പാകിസ്താന്‍ പരാതി നല്‍കിയതിനാലാണ്പ്രത്യേക യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി തയ്യാറായത്. 5 സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളും പങ്കെടുത്ത യോഗം അടച്ചിട്ട മുറിയിലായിരുന്നു ചേര്‍ന്നത്. കശ്മീരിലേത് തികച്ചും തങ്ങളുടെ ആഭ്യന്തര നടപടിയാണെന്നും പാകിസ്താന്‍ യാഥാര്‍ഥ്യം ഉള്‍കൊള്ളണമെന്നും ഇന്ത്യ യോഗത്തില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ കശ്മീരിലെ നടപടി ദക്ഷിണ ഏഷ്യയുടെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കുമെന്ന് ഐക്യരാഷ്ട്ര സഭയിലെ പാക് പ്രതിനിധി മലീഹ ലോധി യോഗത്തില്‍ പറഞ്ഞതായി പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സമിതിയുടെ നിലവിലെ നിലപാട് ഒട്ടും പാകിസ്താന് അനുകൂലമല്ലെന്നും ഡോണ്‍ പറയുന്നു.

സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളില്‍ പകിസ്താനെ അനുകൂലിക്കുന്ന ഏക രാജ്യമായ ചൈനയുടെ ആവശ്യപ്രകാരമാണ് സമിതി വിഷയം ചര്‍ച്ചയ്ക്ക് എടുത്തത്. യോഗത്തില്‍ ചൈന മാത്രമാണ് പാകിസ്താന് അനുകൂലമായി നിലപാട് എടുത്തതെന്നും ഡോണ്‍ പറയുന്നു. മറ്റ് സ്ഥിരാംഗങ്ങളായ ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ വിഷയം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കശ്മീര്‍ വിഷയം ആഭ്യന്തരകാര്യമാണെന്നും വിഷയത്തില്‍ യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നുമായിരുന്നു ഇന്ത്യന്‍ നിലപാട്.

വിഷയത്തില്‍ ആഗോള പിന്തുണ നേടാന്‍ ശ്രമിക്കുന്ന പാകിസ്താന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെയും മറ്റ് മുസ്ലിം രാഷ്ട്രങ്ങളുടെയും ഏറെക്കുറെ ദുര്‍ബ്ബലമായ പ്രതികരണമാണ് ലഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *