ഏഷ്യ കപ്പില്‍ പാകിസ്താനെതിരെയുള്ള മത്സരത്തില്‍ മിന്നും പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയത്.37 പന്തില്‍ പുറത്താവാതെ 47 റണ്‍സ് നേടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. മത്സരത്തില്‍ അർദ്ധ സെഞ്ച്വറി നേടാൻ സാധിച്ചില്ലെങ്കിലും പാകിസ്താനെതിരെ ഒരു ടി-20യില്‍ വമ്ബൻ റെക്കോർഡാണ് സ്കൈ തന്റെ പേരില്‍ എഴുതിചേർത്തത്.
ടി-20യില്‍ പാകിസ്താനെതിരെ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിയെ മറികടന്നാണ് സ്കൈ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളിലായി ധോണി 33 റണ്‍സ് വീതം പാകിസ്താനെതിരെ നേടിയിട്ടുണ്ട്.

2007, 2012 എന്നീ വർഷങ്ങളില്‍ നടന്ന മത്സരങ്ങളിലാണ് ധോണി ഈ സ്കോറുകള്‍ നേടിയത്. നീണ്ട 13 വർഷങ്ങള്‍ക്ക് ശേഷം സൂര്യകുമാർ ധോണിയെ മറികടന്നിരിക്കുകയാണ്.2022ല്‍പാകിസ്താനെതിരെ 28 റണ്‍സ് നേടിയ രോഹിത് ശർമയാണ് ഈ പട്ടികയില്‍ ധോണിക്ക് പുറകിലുള്ളത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്ലിയാണ്. 2021ല്‍ ക്യാപ്റ്റനായിരിക്കെ പാകിസ്താനെതിരെ 57 റണ്‍സായിരുന്നു കോഹ്ലി നേടിയത്.
അതേസമയം മത്സരത്തില്‍ ഏഴ് വിക്കറ്റുകളുടെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.ഇന്ത്യൻ ബാറ്റിങ്ങില്‍ ശുഭ്മാൻ ഗില്ലും, അഭിഷേക് ശർമ്മയും ഇന്ത്യക്ക് മാന്യമായ തുടക്കം നല്‍കിയത്.
പത്ത് റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. 13 പന്തില്‍ നാല് ഫോറും, രണ്ട് സിക്സുമായി അഭിഷേക് 31 റണ്‍സും നേടി. നാലാമനായി ക്രീസിലെത്തിയ തിലക് വർമയെ കൂട്ടുപിടിച്ച് സ്കൈ ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ച്. തിലക് പുറത്താവുമ്ബോള്‍ ഇന്ത്യയുടെ സ്കോർ 97 ആയിരുന്നു. പിന്നീട് കാര്യങ്ങളെല്ലാം ഇന്ത്യക്ക് എളുപ്പമാവുകയായിരുന്നു. ശിവം ദുബെക്കൊപ്പം ചേർന്ന് സ്കൈ ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.













