തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ മറവില്‍ തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ട് എന്‍ജിഒ യൂണിയന് നേതാക്കള്‍ പിടിയില്‍. അശോകന്, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്.
ഹരിലാല്‍ എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അശോകന് എന്‍ജിഒ യൂണിയന് തൈക്കാട് ഏരിയ സെക്രട്ടറിയുമാണ്. ബുധനാഴ്ച രാവിലെയാണ് പണിമുടക്ക് അനുകൂലികള്‍ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐയുടെ ട്രഷറി മെയിന്‍ ബ്രാഞ്ച് അടിച്ചു തകര്‍ത്തത്.

ട്രഷറി ബ്രാഞ്ചില്‍ കടന്ന ഹര്‍ത്താല്‍ അനുകൂലികള്‍ മാനേജരുടെ കാബിനില്‍ കയറി മേശയിലെ ഗ്ലാസ്, കംപ്യൂട്ടര്‍ മോണിറ്റര്‍, മേശപ്പുറത്തിരുന്ന ഫോണ്‍ എന്നിവ അടിച്ചു തകര്‍ക്കുകയായിരുന്നു. പന്ത്രണ്ടോളം പേരടങ്ങിയ ഒരു സംഘമാണ് ട്രഷറിയിലേക്കു തള്ളിക്കയറി ആക്രമണം നടത്തിയത്.












