എസ്.ബദരിനാഥ് ക്രിക്കറ്റിനോട് വിടപറഞ്ഞു

ചെന്നൈ: മുന്‍ ഇന്ത്യന്‍ താരവും തമിഴ്നാടിന്‍റെ നായകനുമായിരുന്ന സുബ്രഹ്മണ്യന്‍ ബദരിനാഥ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 38-ാം ജന്മദിനത്തിന്‍റെ പിറ്റേന്നാണ് വിരമിക്കല്‍ തീരുമാനം താരം പ്രഖ്യാപിച്ചത്. 2000-ല്‍ കരിയര്‍ തുടങ്ങിയ ബദരിനാഥ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പതിനായിരത്തിലധികം റണ്‍സ് സ്കോര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ പരിശീലകനായും ബദരിനാഥ് പ്രവര്‍ത്തിക്കുന്നുണ്ട്.

ജീവിതത്തിന്‍റെ 38 വര്‍ഷത്തില്‍ 30 വര്‍ഷവും ക്രിക്കറ്റിന് വേണ്ടിയാണ് ചിലവഴിച്ചത്. ഈ കാലഘട്ടം വളരെ വേഗം കടന്നുപോവുകയും ചെയ്തു. ഇപ്പോള്‍ താന്‍ ക്രിക്കറ്റില്‍ വിരമിക്കുകയാണ്. കൃത്യമായ സമയത്ത് തന്നെയാണ് തന്‍റെ തീരുമാനമെന്നും 17 വര്‍ഷം നീണ്ട കരിയര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ച ദൈവം തന്നോട് വലിയ കരുണയാണ് കാട്ടിയതെന്നും ബദരിനാഥ് പറഞ്ഞു. രഞ്ജിയില്‍ 7,850 റണ്‍സ് നേടിയിട്ടുള്ള ബദരിനാഥ് റണ്‍വേട്ടക്കാരില്‍ ഏഴാമതാണ്. 2000-01 സീസണ്‍ മുതല്‍ 14 വര്‍ഷം തമിഴ്നാടിന് വേണ്ടിയാണ് താരം പാഡണിഞ്ഞത്. 2009-ല്‍ മുംബൈയ്ക്കെതിരേ നേടിയ 250 റണ്‍സാണ് കരിയര്‍ ബെസ്റ്റ്.

2008-ല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ശ്രീലങ്കന്‍ പര്യടനത്തിനിടെ പരിക്കേറ്റതാണ് ബദരിനാഥിന് ടീം ഇന്ത്യയിലേക്ക് വാതില്‍ തുറന്നത്. ആദ്യ മത്സരത്തില്‍ പുറത്താകാതെ 27 റണ്‍സ് നേടി താരം വരവറിയിക്കുകയും ചെയ്തു. ഏഴ് ഏകദിനങ്ങളിലും രണ്ടു ടെസ്റ്റില്‍ ഒരു ട്വന്‍റി-20-യിലും ബദരിനാഥ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. എെപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *