എസ്എഫ്‌ഐക്കാര്‍ പൊലീസിനെ മര്‍ദിച്ച കേസ്; സിഐയെ സ്ഥലംമാറ്റി


തിരുവനന്തപുരം∙ എസ്എഫ്ഐക്കാർ പൊലീസിനെ മർദിച്ച കേസില്‍ അന്വേഷണച്ചുമതലയുള്ള കന്റോൺമെന്റ് സിഐയെ സ്ഥലം മാറ്റി. ട്രാഫിക്കിലേക്കാണു സ്ഥലം മാറ്റം. പ്രതികളെ പിടിക്കുന്നതിൽ വീഴ്ചയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അക്രമം തടയുന്നതിൽ വീഴ്ചയുണ്ടായെന്നും സ്പെഷൽ ബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.


എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ എന്നിവരെയാണ് എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും ക്രൂരമായി മർദിച്ചത്. 12ന് വൈകിട്ട് ആറിനു പാളയം യുദ്ധസ്മാരകത്തിനു മുന്നിലാണു സംഭവം. ബൈക്കിൽ വന്ന എസ്എഫ്ഐ പ്രവർത്തകൻ സിഗ്നൽ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർഥി അമൽ കൃഷ്ണയുടെ യൂണിഫോമിൽ പിടിക്കുകയും മർദിക്കുകയും ചെയ്തു. റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാൻ ശ്രമിച്ചപ്പോൾ അവരെയും വിദ്യാർഥി ആക്രമിച്ചു.


മൂന്നുപൊലീസുകാരും ചേർന്നു പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടിമാറി. ഉടൻ എസ്എഫ്ഐ നേതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉടൻ തന്നെ ഇരുപതോളം എസ്എഫ്ഐക്കാരാണു സ്ഥലത്തെത്തിയത്. അവരുമായി സംസാരിക്കാൻ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകൾ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികൾ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.



Sharing is Caring