എല്‍.ഡി.എഫിന്റെ വോട്ടുനഷ്ടത്തിന്റെ കാരണം പഠിക്കും -എം.വി. ഗോവിന്ദൻ

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 2019നെ അപേക്ഷിച്ച്‌ 1.75 ശതമാനവും 2014നെ അപേക്ഷിച്ച്‌ ഏഴ് ശതമാനവും വോട്ട് കുറഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.

ഗോവിന്ദൻ. ഇതിന്റെ കാരണം കൃത്യമായി പഠിച്ച്‌ താഴേതട്ടില്‍ വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ റീജനല്‍ തിയറ്ററില്‍ നടന്ന ഇ.എം.എസ് സ്മൃതിയുടെ സമാപന സെഷനില്‍ ‘തദ്ദേശഭരണവും സാമൂഹ്യനീതിയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വോട്ടുനഷ്ടത്തിന്റെ കാരണം ജനങ്ങളോട് തുറന്നുപറയും. തെറ്റായ പ്രവണതകള്‍ പാർട്ടി വെച്ചുപൊറുപ്പിക്കില്ല. സർക്കാർ നടപടികള്‍ ഉള്‍പ്പെടെ ആവശ്യമായ കാര്യങ്ങള്‍ തിരുത്തും. ഇത്തവണ യു.ഡി.എഫിന് 18 ലോക്‌സഭ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല.

അതേസമയം, സി.പി.എമ്മിന്റെ അടിത്തറ ഭദ്രമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വോട്ടുകള്‍ വൻതോതില്‍ ബി.ജെ.പിയിലേക്ക് പോയി. ബി.ജെ.പി കേന്ദ്രഭരണ സ്വാധീനമുപയോഗിച്ച്‌ സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധിയുണ്ടാക്കാനാണ് നോക്കിയത്. ജനങ്ങള്‍ക്ക് പല ആനുകൂല്യങ്ങളും നല്‍കാനായില്ല. കടം വാങ്ങി കുറച്ച്‌ കൊടുത്തുതീർത്തു. വികസന കാര്യത്തില്‍ രാഷ്ട്രീയമല്ല ഐക്യമാണ് വേണ്ടത്.

കേരളത്തില്‍ രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് വികസന പ്രവർത്തനമൊന്നും നടക്കരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. ഒരു സർഗാത്മക പ്രവർത്തനവും അനുവദിച്ചുകൂടെന്നതാണ് അവരുടെ നിലപാട്. കെ-റെയില്‍ ഉള്‍പ്പെടെയുള്ളവയോടുള്ള എതിർപ്പ് ഉദാഹരണമാണ്. കരുവന്നൂരിലെ ഇ.ഡി പ്രവർത്തനം ബി.ജെ.പിയെ സഹായിച്ചു. ചില കാര്യങ്ങള്‍ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രഫ. സി. രവീന്ദ്രനാഥ്, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *