എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണം കൂടുന്നു


കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃദ്ധരായവരെ ഉപേക്ഷിക്കുന്നതായി പരാതി. ഇവരെ ചികിത്സയ്‌ക്കെന്ന പേരിലാണ് മക്കള്‍ കൊണ്ടുവരുന്നതെന്നും, എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം മക്കള്‍ തിരിഞ്ഞു നോക്കാറില്ലെന്നുമാണ് പരാതി.


ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡാണ് ആശ്രയ കേന്ദ്രം. ഓരോ വര്‍ഷവും ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം കൂടിവരുകയാണ്. അത്യാഹിത വിഭാഗത്തിലാണ് വൃദ്ധരെ ഉപേക്ഷിക്കുന്നത്. ഇവരെ പിന്നീട് ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. കോട്ടയം മെഡിക്കല്‍ കോളേജ്, മൂവാറ്റുപുഴ, ആലുവ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രോഗികളും ഇവിടെയെത്താറുണ്ട്.


ഐസലേഷന്‍ വാര്‍ഡില്‍ കിടന്ന് മരിക്കുന്നവരുണ്ടെന്നും, ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരാഴ്ചയില്‍ ശരാശരി പത്ത് രോഗികളുടെ സംരക്ഷണം ഇത്തരത്തില്‍ ഏറ്റെടുക്കേണ്ടി വരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.



Sharing is Caring