എയിഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളോടുള്ള സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിച്ച്, എയിഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമാമാക്കുന്നതിന് വഴിയൊരുക്കണമെന്ന് എന്‍എസ്എസ്. സംഘടനയുടെ 103ാമത് ബജറ്റ് സമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തുള്ള 7145 സ്‌കൂളുകള്‍ എയിഡഡ് മേഖലയിലാണ്. ഇവയുടെ പ്രവര്‍ത്തനം കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി പ്രതിസന്ധിയിലാണ്. ഈ മേഖലയോടുള്ള സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഇതിനു കാരണം. വിദ്യാഭ്യാസഅവകാശനിയമം 2009ല്‍ നിലവില്‍ വന്നതിനുശേഷം അതു നടപ്പിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചതത്ത്വദീക്ഷയില്ലാത്ത ചില തീരുമാനങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തുന്നു.
വിദ്യാഭ്യാസ അവകാശനിയമത്തിലെ നിര്‍ദ്ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയി. നാലുവര്‍ഷത്തിനുശേഷംമാത്രം നിര്‍ദ്ദേശം നടപ്പാക്കുകയാണ് ചെയ്തത്. സാമ്ബത്തികപ്രശ്‌നത്തിന്റെ പേരില്‍ 2011 മുതല്‍ സ്‌കൂളുകളില്‍ സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താതെ 201516 വര്‍ഷം സ്റ്റാഫ് ഫിക്‌സേഷന്‍ ഉത്തരവ് നല്കി. ഇതോടെ പുതിയ ഒഴിവുകളില്‍ അദ്ധ്യാപകനിയമനം നടക്കാതായി. നടത്തിയാല്‍ അംഗീകാരം ലഭിക്കാത്തസാഹചര്യമാണ്. ഇത് കുട്ടികളുടെ പഠനത്തെയും സ്‌കൂളുകളുടെ നിലനില്പിനെയും ദോഷകരമായി ബാധിച്ചതായും പ്രമേയം ചൂണ്ടികാട്ടി.
2006 മുതല്‍ അനധികൃതമായി നിയമിതരായ അദ്ധ്യാപകര്‍ക്കുകൂടി സംരക്ഷണം നല്കാനുള്ള ഗവണ്‍മെന്റിന്റെ നീക്കം, സുതാര്യമായി നിയമനങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റുകള്‍ക്ക് ദോഷകരമായി. ഇതിന്റെ ഫലമാണ് ഈ മേഖലയിലുണ്ടായ അസന്തുലിതാവസ്ഥ. 201617 വര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്‍ ഓര്‍ഡര്‍ ഇപ്പോഴും ഇറങ്ങിയിട്ടില്ല എന്നു പറയുമ്‌ബോള്‍ നിയമനങ്ങള്‍ നിയന്ത്രിച്ചിരിക്കുന്നുവെന്നതും വ്യക്തമാണ്.
കുട്ടികള്‍ കുറവായ സ്‌കൂളുകള്‍ അണ്‍എക്കണോമിക് വിഭാഗത്തില്‍പെടുത്തി നിയമനനിരോധനം ഏര്‍പ്പെടുത്തി. ‘പുതിയ സ്‌കൂളുകള്‍’ എന്ന വിഭാഗത്തില്‍പെടുന്ന സ്‌കൂളുകളിലെ തസ്തികകളില്‍ പൂര്‍ണ്ണമായും സംരക്ഷണ അദ്ധ്യാപകഅനദ്ധ്യാപകരെ നിയമിക്കണം എന്നാണ് ഗവണ്‍മെന്റ് വ്യവസ്ഥ ചെയ്യുന്നത്.
പ്രാഥമികസൗകര്യങ്ങളും മറ്റു ഭൗതികസാഹചര്യങ്ങളും വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള പുതിയ സങ്കേതങ്ങളും ക്രമപ്പെടുത്തുന്നതും സൂക്ഷിക്കുന്നതും മാനേജ്‌മെന്റുകള്‍ക്ക് സാമ്ബത്തികബാദ്ധ്യതയ്ക്ക് ഇടയാക്കുന്നു. തസ്തിക നിര്‍ണ്ണയിച്ച് അദ്ധ്യാപകനിയമനം നടത്താനുള്ള സാഹചര്യം ഗവണ്‍മെന്റ് ഒരുക്കിത്തരാത്തതുകൊണ്ട് മാനേജ്‌മെന്റുതന്നെ ഗസ്റ്റ് അദ്ധ്യാപകരെ വച്ച് കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കേണ്ടിവരുന്നു.
സാമ്ബത്തികമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ എല്ലാ ഒഴിവുകളിലും സംരക്ഷണ അദ്ധ്യാപകരെനിയമിക്കണമെന്ന് ഉത്തരവ് നിലനില്ക്കുകയാണ്. ഇതിനിടയില്‍ പുതിയ ഉത്തരവിലൂടെ ‘പുതിയ സ്‌കൂളു’കളിലെ എല്ലാ ഒഴിവുകളിലും മൂന്നുമാസത്തിനു മുകളിലുള്ള അവധിഒഴിവുകളിലും പൂര്‍ണ്ണമായും പ്രൊട്ടക്ടഡ് അദ്ധ്യാപകരെ നിയമിക്കണമെന്നും മറ്റു സ്‌കൂളുകളില്‍ ഉണ്ടാകുന്ന പുതിയ വേക്കന്‍സികളുടെ നേര്‍പകുതിയിലും ഇത്തരം അദ്ധ്യാപകരെ നിയമിക്കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നത്.
എയിഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് വര്‍ഷങ്ങളായി ലഭിച്ചുവന്ന നിയമാനാധികാരം എടുത്തുകളയാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. ഇത് അനുവദിക്കാവില്ല. നാല് സ്‌കൂളുകള്‍ക്ക് ഒരു പ്രൊട്ടക്ടഡ് ജീവനക്കാരന്‍ എന്ന കണക്കില്‍ വിന്യസിച്ചാല്‍ വളരെ പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്‌നമാണ് ഇത്.
സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനുതകുന്ന എയിഡഡ് വിദ്യാലയങ്ങള്‍ ഇന്നു നേരിടുന്ന പ്രതിസന്ധികള്‍ക്ക് എത്രയുംവേഗം പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എയിഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളോടുള്ള നിരുത്തരവാദപരമായ സമീപനം അവസാനിപ്പിച്ച്, എയിഡഡ് സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കണമെന്നാണ് പ്രമേയത്തിലൂടെ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
മുന്നാക്കസമുദാങ്ങളിലെ പിന്നാക്കവിഭാഗകാര്‍ക്ക് വേണ്ടിയുള്ള റിട്ട. മേജര്‍ ജനറല്‍ എസ് ആര്‍ സിന്‍ഹു അദ്ധ്യക്ഷനായുള്ള ദേശീയ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുന്നാക്കസമുദായങ്ങളൊഴിച്ച് ബാക്കി വിഭാഗങ്ങള്‍ക്കെല്ലാം ദേശീയതലത്തില്‍ കമ്മീഷന്‍ നിലവിലുണ്ട്, മുന്നാക്കസമുദായങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമായിട്ടെങ്കിലും ദേശീയതലത്തില്‍ ഒരു കമ്മീഷന്‍ രൂപീകരിക്കാനുള്ള ആലോചന കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇന്നോളം ഉണ്ടാകാതിരിക്കുന്നത് ആ വിഭാഗത്തോടുള്ള അവഗണനയും വിവേചനവുമാണ്. മുന്നാക്കവിഭാഗങ്ങള്‍ക്കുമാത്രം നീതി നിഷേധിക്കുന്നതും അവരുടെ ആവശ്യങ്ങളെ മാത്രം അവഗണിക്കുന്നതും മതേതരരാഷ്ട്രമായ ഭാരതത്തിന്റെ കെട്ടുറപ്പിനുതന്നെ ഭീഷണിയാണ്.
സംവരണാനുകൂല്യം ലഭിക്കാത്ത മുന്നാക്കസമുദായങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്നവരെ കണ്ടെത്താനുള്ള മാനദണ്ഡവും, അവര്‍ക്കായുള്ള ക്ഷേമപദ്ധതികളും നിശ്ചയിക്കുന്നതിനായി റിട്ട. മേജര്‍ ജനറല്‍ എസ് ആര്‍ സിന്‍ഹു ചെയര്‍മാനായുള്ള മൂന്നംഗ ദേശീയകമ്മീഷനെ 2006ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത് ഇക്കാര്യത്തില്‍ പുതിയ ഒരു കാല്‍വെയ്പായിരുന്നു.
മുന്നാക്കവിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണവും വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ക്ഷേമപദ്ധതികളും ലഭ്യമാക്കുന്നതിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും മുന്നാക്കവിഭാഗക്ഷേമകോര്‍പ്പറേഷനും, മുന്നാക്കവിഭാഗസ്ഥിരം കമ്മീഷനും വേണമെന്നുള്ള ശിപാര്‍ശ പ്രസ്തുത റിപ്പോര്‍ട്ടില്‍ ഉണ്ട്.
പ്രസ്തുതകമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് ആറുവര്‍ഷം മുമ്ബ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ ഇന്നേവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. മുന്നാക്കസമുദായങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള റിട്ട. മേജര്‍ ജനറല്‍ എസ് ആര്‍ സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകണമെന്ന് ഈ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.













