വേംബ്ലിയില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുദ്ധം. എഫ്എ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടും
രാത്രി ഏഴരയ്ക്കാണ് കലാശക്കളി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്ബ്യൻമാരായ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് ചാമ്ബ്യൻസ് ലീഗ് ഫൈനലിനുമുന്നേയുള്ള പരീക്ഷണമാണിത്. സീസണില്‍ മൂന്ന് ട്രോഫികള്‍ ലക്ഷ്യമിടുകയും ചെയ്യുന്നു അവര്‍. ജൂണ്‍ 10നാണ് ഇന്റര്‍ മിലാനുമായി ഇസ്താംബുളില്‍ കിരീടപ്പോരിന് ഇറങ്ങുന്നത്.

യുണൈറ്റഡാകട്ടെ ഈ സീസണില്‍ എറിക് ടെൻ ഹാഗ് എന്ന ഡച്ച് പരിശീലകനുകീഴില്‍ പഴയപ്രതാപം വീണ്ടെടുക്കാനുള്ള പ്രയാണത്തിലാണ്. ലീഗ് കപ്പ് നേടി കഴിഞ്ഞു. ചാമ്ബ്യൻസ് ലീഗ് യോഗ്യതയും ഉറപ്പിച്ചു. രണ്ട് കിരീടവുമായി സീസണിന് ശുഭാവസാനം കുറിക്കുക എന്നതിലാണ് നോട്ടം. എഫ്എ കപ്പില്‍ 21–-ാംഫൈനലിനാണ് തയ്യാറെടുക്കുന്നത്. 12 തവണ ജേതാക്കളായി. സിറ്റിക്കിത് 12–-ാംഫൈനലും. ആറുവട്ടം കിരീടമുയര്‍ത്തി.
എര്‍ലിങ് ഹാലണ്ട് എന്ന ഗോളടിയന്ത്രമാണ് സിറ്റിയുടെ തുരുപ്പുചീട്ട്. കെവിൻ ഡി ബ്രയ്നും ഇകായ് ഗുണ്‍ഡോവനും ഉള്‍പ്പെട്ട മിടുക്കുള്ള മധ്യനിരയാണ് എൻജിൻ. ഈ മുന്നേറ്റത്തെ എങ്ങനെ യുണൈറ്റഡ് തടയുമെന്നതിനെ അനുസരിച്ചാകും മത്സരഫലം. അവസാന കളിയില്‍ ബ്രെന്റ്ഫോര്‍ഡിനോട് തോറ്റാണ് എത്തുന്നതെന്ന ആശങ്ക സിറ്റിക്കുണ്ട്.
യുണൈറ്റഡാകട്ടെ പ്രീമിയര്‍ ലീഗില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ സിറ്റിയെ 2–-1ന് വീഴ്ത്തിയിരുന്നു. ഹാലണ്ടിനെ റാഫേല്‍ വരാനെ സമര്‍ഥമായി തളച്ചു. മുന്നേറ്റക്കാരൻ ആന്തണി മാര്‍ഷ്യല്‍ പരിക്കുകാരണം പുറത്തായത് തിരിച്ചടിയായി. ആന്തണിയുടെ കാര്യത്തിലും സംശയമാണ്.













