എന്ത് പ്രശ്‌നം വന്നാലും നേരിടും; അന്വേഷണ സംഘത്തോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്ന് കന്യാസ്ത്രീകള്‍


ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയുള്ള സമരം വിജയിപ്പിച്ചതില്‍ അന്വേഷണ സംഘത്തോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്ന് കന്യാസ്ത്രീകള്‍. സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായും സമരം ചെയ്ത കന്യാസ്ത്രീകള്‍ അറിയിച്ചു.


എന്ത് പ്രശ്‌നം വന്നാലും നേരിടും. ആരേയും ഭയമില്ല. സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും. അത്തരമൊരു ധൈര്യത്തിലാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളെ സംരക്ഷിക്കേണ്ട സഭയാണ് തള്ളിപ്പറഞ്ഞത്. മരിക്കേണ്ടി വന്നാലും സത്യം വെടിയരുതെന്നാണ് ബൈബിളില്‍ പറയുന്നത്. ആ ബലത്തിലാണ് പിടിച്ചു നിന്നതെന്ന് കന്യാസ്ത്രീകള്‍ക്ക് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പറഞ്ഞു.


പ്രശ്‌നങ്ങള്‍ സഭാധികാരികള്‍ കേട്ടിരുന്നുവെങ്കില്‍ തെരുവിലിറങ്ങേണ്ടി വരില്ലായിരുന്നുവെന്നും ഈ സമരം വിഷമം പുറത്ത് പറയാന്‍ പറ്റാത്ത മറ്റുള്ള കന്യാസ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണെന്നും അനുപമ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റിനെത്തുടര്‍ന്ന് 14 ദിവസമായി കൊച്ചിയിലെ സമരപ്പന്തലില്‍ നടത്തിവന്നിരുന്ന സമരം കന്യാസ്ത്രീകള്‍ ഇന്ന് അവസാനിപ്പിക്കും.



Sharing is Caring