എം ടിക്ക് ഐക്യദാര്‍ഢ്യം: കോഴിക്കോട്ട് ഞായറാഴ്ച സാംസ്കാരിക കൂട്ടായ്മ


ബിജെപി-സംഘപരിവാര്‍ ഭീഷണിയില്‍ പ്രതിഷേധവുമായി ഞായറാഴ്ച കോഴിക്കോട്ട് സാംസ്കാരിക കൂട്ടായ്മ. ‘സാംസ്കാരിക കേരളം എം ടിയോടൊപ്പം-പ്രതിരോധസംഗമം’ എന്നപേരില്‍ വൈകിട്ട് നാലിന് ടൌണ്‍ഹാളിലാണ് പരിപാടി. മോഡിസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച എം ടി വാസുദേവന്‍നായരെ ഭീഷണിപ്പെടുത്തിയ സംഘപരിവാരത്തിന്റെ അസഹിഷ്ണുതക്കെതിരായി ശബ്ദമുയര്‍ത്താനും എം ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് കൂട്ടായ്മ.


എം പി വീരേന്ദ്രകുമാര്‍ എംപി, ഡോ. എം ജി എസ് നാരായണന്‍, യു എ ഖാദര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, ഡോ. എം എം ബഷീര്‍, കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, പി കെ ഗോപി, കെ പി രാമനുണ്ണി, ടി പി രാജീവന്‍, പി കെ പാറക്കടവ്, വി ആര്‍ സുധീഷ്, ഡോ. എ അച്യുതന്‍, ഡോ. വി സുകുമാരന്‍, പോള്‍ കല്ലാനോട്, വീരാന്‍കുട്ടി, വി ടി മുരളി, കബിത മുഖോപാധ്യായ, കെ വി സജയ്, രാജേന്ദ്രന്‍ എടത്തുങ്കര, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ്ബാബു, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




Sharing is Caring