അഴീക്കോട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിനെതിരെ അപകീര്‍ത്തികരമായ ലഘുലേഖകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കെ.എം ഷാജി എം.എല്‍.എയുടെ പി.എ അറാഫത്ത് അറസ്റ്റില്‍. അഹാഫത്തിന് പുറമെ ഫൈസല്‍ മന്‍സൂര്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. വളപട്ടണം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജനപ്രാധിനിധ്യ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നികേഷിനെ അപകീര്‍ത്തിപ്പെടുത്തുന്ന ലഖുലേഖകള്‍ മണ്ഡലത്തില്‍ പ്രചരിക്കുന്നുണ്ട്. നികേഷിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പതിനൊന്നോളം ലഘുലേഖകള്‍ യു.ഡി.എഫ് വിതരണം ചെയ്തുവെന്നാണ് ആക്ഷേപം. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എന്‍.പി മനോരമയുടെ വീട്ടില്‍ നിന്നും നികേഷിനെതിരായ ലഖുലേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതുവരെ അര ലക്ഷത്തോളം ലഖുലേഖകള്‍ പിടിച്ചെടുക്കുകയും പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അപവാദ പ്രചരണം നടത്തിയതിന് സ്ഥാനാര്‍ത്ഥിയായ കെ.എം ഷാജിക്ക് കണ്ണൂര്‍ കളക്ടര്‍ നോട്ടീന് നല്‍കുകയും ചെയ്തു.തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് എല്‍ഡിഎഫ് അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം പ്രകാശനും സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാറും കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്ഥാനാര്‍ത്ഥിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമായതിനാല്‍ ഷാജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എംവി നികേഷ് കുമാര്‍ അറിയിച്ചു.













