ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത ബാങ്ക് മാനേജർ അറസ്റ്റിൽ


രാജസ്ഥാനിലെ കോട്ടയിൽ ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത ബാങ്ക് മാനേജർ അറസ്റ്റിൽ. ഐസിഐസിഐ ബാങ്കിൻ്റെ കോട്ട ശാഖയിലെ റിലേഷൻഷിപ്പ് മാനേജർ സാക്ഷി ഗുപ്‌തയാണ് അറസ്റ്റിലായത്. മൂന്ന് വർഷത്തിനിടെ 4.58 കോടി രൂപയാണ് സാക്ഷി തട്ടിയെടുത്തത്.


തട്ടിയെടുത്ത തുക ഇവർ ഓഹരി വിപണിയിൽ നിക്ഷേപിക്കുകയായിരുന്നു.41 ഉപഭോക്താക്കളുടെ 110 എഫ്‌ഡി അക്കൗണ്ടുകളിൽ നിന്നാണ് സാക്ഷി ഗുപ്‌ത തിരിമറി നടത്തിയത്. 2020 മുതൽ 2023 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.


ഒരു ഉപഭോക്താവ് തന്റെ എഫ്ഡിയെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്ത് വരുന്നത്. തുടർന്ന് ഫെബ്രുവരി 18 ന് ബാങ്ക് പൊലീസിൽ കേസ് ഫയൽ ചെയ്‌തു. പിന്നാലെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന ഇവരെ ഇന്നലെ രാത്രി വൈകിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത സാക്ഷി ഗുപതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഇടപാട് സന്ദേശങ്ങൾ അറിയാൻ പോലും കഴിയാത്തവിധം അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ പോലും സാക്ഷി മാറ്റിയിരുന്നു. തൻ്റെ കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ ഈ അക്കൗണ്ടുകളുമായി സാക്ഷി ഗുപ്‌ത ബന്ധിപ്പിച്ചിരുന്നു.

തട്ടിയെടുത്ത പണം സാക്ഷി ഗുപ്‌ത ഓഹരി വിപണിയിൽ നിക്ഷേപിച്ചെങ്കിലും വിപണിയിൽ കനത്ത നഷ്‌ടം സംഭവിച്ചതിനെ തുടർന്ന് ആ തുകയും നഷ്‌ടപ്പെട്ടു. അതേസമയം കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് ഇതുവരെ ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല. എന്നാൽ ബാധിച്ച ഉപഭോക്താക്കൾക്കുണ്ടായ നഷ്ടം നികത്തുമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിരിക്കുന്നത്.



Sharing is Caring