ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തെ കടലിലാണു പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഓഫീസ് അറിയിച്ചു.
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ് യാംഗിന് തെക്കു ഭാഗത്തുള്ള മേഖലയില്‍ നിന്നാണ് പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മിസൈല്‍ എത്ര കിലോമീറ്റര്‍ താണ്ടിയെന്ന് വ്യക്തമല്ല. ഉത്തരകൊറിയയുടെ നടപടി യുഎന്‍ സുരക്ഷാ സമിതിയുടെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ദക്ഷിണകൊറിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന പത്താമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഇത്.

ഏതാനും ദിവസം മുന്‍പ് ജപ്പാന് ലക്ഷ്യംവച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. അന്തര്‍വാഹിനിയില്‍നിന്നു തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ 500 കിലോമീറ്റര്‍ പിന്നിട്ടതായി ദക്ഷിണ കൊറിയന്‍ സൈന്യം നിരീക്ഷിച്ചു. ഭൂഖണ്ഡാന്തര ആണവ മിസൈല്‍ പ്രയോഗിക്കാനുള്ള സാങ്കേതികശക്തി ഉത്തര കൊറിയ നേടിയതായി ഇതു തെളിയിക്കുന്നതായും സൈനികവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.













