ഇ ബുൾ ജെറ്റിന് തിരിച്ചടി; മോട്ടോർവാഹന വകുപ്പിന് എതിരെ നൽകിയ ഹരജി ഹൈക്കോടതി തള്ളി

മോട്ടോർവാഹന വകുപ്പിന് എതിരെ വിവാദ വ്ളോഗർമാരായ ഇ ബുൾ ജെറ്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്താണ് ഇ ബുൾ ജെറ്റ് ഹരജി നൽകിയത്. വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും സിംഗിൾ ബഞ്ച് നിരാകരിച്ചു.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് മോർട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ, ഇവർ നൽകിയ വിശദീകരണം

തൃപ്തികരമല്ലാത്തതിനാലായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിയത്. ആറ് മാസത്തേക്കായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിയത്. ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടി ഓഫീസിൽ എത്തി പ്രശ്നമുണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്ത കേസിൽ എബിനും ലിബിനും അറസ്റ്റിലായിരുന്നു.

നിരത്തുകളിലെ മറ്റ് വാഹനങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയത്. നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഇവർ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *