മഴ കനക്കുന്നു; പാലക്കാട് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, ഇടുക്കി ഡാം ഷട്ടറുകള്‍ ഇന്ന് അടക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. പാലക്കാട് ജില്ലയിലെ മംഗലം ഡാം പരിസരത്ത് രണ്ടിടത്ത് ഉരുൾപൊട്ടി. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്കിൽ മൂന്നും മാനന്തവാടി താലൂക്കിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും , തുറന്ന മൂന്ന് ഷട്ടറുകളും ഇന്ന് അടക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പാലക്കാട് ജില്ലയിൽ വൈകിട്ടോടെ കനത്ത മഴയാണ് പെയ്തത്. നാല് മണിയോടെ പെയ്ത മഴ അരമണിക്കൂറിലേറെ നീണ്ടു. മലയോര മേഖലകളായ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് മംഗലം ഡാം വിആർടിയിലും ഓടത്തോട് പോത്തൻതോടിലും ഉരുൾപൊട്ടിയത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം പൊലീസ് അറിയിച്ചു. ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, മുൻകരുതലിന്റെ ഭാഗമായി ഉരുൾ പൊട്ടൽ ഭീഷണിയുള്ളിടങ്ങളിൽ നിന്നും 273 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ചതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും തുറന്ന മൂന്ന് ഷട്ടറുകളും ഇന്ന് അടക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.04 അടിയാണ്. നാളെ മുതല്‍ നിലവില്‍ വരുന്ന പുതിയ റൂള്‍ കര്‍വനുസരിച്ച് 2399.37 അടി വരെ ജലനിരപ്പ് നിലനിര്‍ത്താം. മഴ വീണ്ടും ശക്തമായേക്കാമെന്ന കാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ സാഹസത്തിന് മുതിരേണ്ടെന്ന് കെഎസ്ഇബി വിലയിരുത്തി. നളെത്തെ സാഹചര്യം വിലയിരുത്തി തുടര്‍ നടപടി തീരുമാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *