‘ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ആതിര പറഞ്ഞു’; ശിവശക്തി യോഗ കേന്ദ്രത്തില്‍ ആതിര ഉണ്ടായിരുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍


കൊച്ചി: ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശിനിയായ ആതിര തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററില്‍ ഉണ്ടായിരുന്നതായി രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തല്‍.
മിശ്ര വിവാഹിതരെയും മതം മാറിയവരെയും പീഡിപ്പിക്കുന്ന യോഗ സെന്ററില്‍ 22 ദിവസം ആതിര ഉണ്ടായിരുന്നതായി തൃശ്ശൂര്‍ സ്വദേശിനിയായ യുവതി മീഡിയ വണ്‍ ചാനലിനോട് വെളിപ്പെടുത്തി.


സ്വന്തം ഇഷ്ടത്തോടെയാണ് ഇസ്ലാം സ്വീകരിച്ചതെന്ന് ആതിര പറഞ്ഞതായി യുവതി വ്യക്തമാക്കി. കൗണ്‍സലിംഗ് നടത്തിയെങ്കിലും മതം മാറാന്‍ ആതിരയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ശിവശക്തി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ തടവിലാണെന്നും ഇവരില്‍ പലരും മര്‍ദ്ദനവും ലൈംഗീക ചൂഷണവുമുള്‍പെടെയുള്ള ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നതായും യുവതി പറഞ്ഞു.


മിശ്രവിവാഹിതരെയും മതം മാറിയവരെയും ക്രൂരമായി പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. തൃശ്ശൂര്‍ സ്വദേശിയായ ഡോക്ടറുടെ പരാതിയില്‍ താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ തന്നെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മര്‍ദ്ദിച്ചു.

യോഗ സെന്ററില്‍ വെച്ച് മതം മാറാന്‍ ഭീഷണിയുണ്ടായി. മനോജ് എന്ന ഗുരുജിയാണ് യോഗ സെന്റര്‍ നടത്തുന്നത്. പെണ്‍കുട്ടികളെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും യുവതി വെളിപ്പെടുത്തി. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മനോജ് ഗുരുജിയടക്കം ആറ് പേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി.



Sharing is Caring