ഇറാഖിലെ ഇന്ത്യക്കാരുടെ കൊലപാതകം : നരേന്ദ്ര മോദി രാജിവെച്ചൊഴിയണമെന്ന് വിഎം സുധീരന്‍


കൊച്ചി: ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നരേന്ദ്ര മോദി രാജിവെച്ചൊഴിയണമെന്ന് വിഎം സുധീരന്‍. അടുത്ത കാലം വരെ തട്ടിയെടുക്കപ്പെട്ട ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് പറഞ്ഞുകൊണ്ട് പാര്‍ലമെന്റിനെയും ജനങ്ങളെയും കബളിപ്പിച്ച നരേന്ദ്ര മോദി സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്നും സുധീരന്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.


ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ


ഇറാഖില്‍ 39 ഇന്ത്യക്കാരെ ഐ.എസ്. ഭീകരര്‍ കൊലപ്പെടുത്തിയ വിവരം മുഴുവന്‍ ഭാരതീയരെയും ഞെട്ടിച്ചിരിക്കുകയാണ്.തങ്ങളുടെ ഉറ്റവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന കുടുംബാംഗങ്ങള്‍ക്കും രാജ്യത്തിനും കനത്ത ആഘാതമാണ് ഇതേല്‍പ്പിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന സഹോദരങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു.

അടുത്ത കാലം വരെ തട്ടിയെടുക്കപ്പെട്ട ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് പറഞ്ഞുകൊണ്ട് പാര്‍ലമെന്റിനെയും ജനങ്ങളെയും കബളിപ്പിച്ച നരേന്ദ്ര മോഡി സര്‍ക്കാര്‍, അതീവ ഗുരുതരമായ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു.ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അര്‍ഹത മോഡിക്കും കൂട്ടര്‍ക്കുമില്ല.ഇനിയും വൈകാതെ കുറ്റം ഏറ്റുപറഞ്ഞ് നരേന്ദ്ര മോഡി രാജിവച്ച്‌ ഒഴിയണം.



Sharing is Caring