ഇരയുടെ മൗനം ബലാത്സംഗത്തിനുള്ള സമ്മതമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ബലാത്സംഗത്തിനിരയായ വ്യക്തിയുടെ മൗനം ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരയുടെ മൗനം ലൈംഗികബന്ധത്തിനുള്ള സമ്മതമായി കാണണമെന്ന പ്രതിയുടെ വാദം ദുര്‍ബലമാണെന്ന് കേസിലെ വാദം കേള്‍ക്കവേ ജസ്റ്റിസ് സംഗീത ദിംഗ്ര സഹ്ഗല്‍ പറഞ്ഞു. പ്രതി ഭീഷണിപ്പെടുത്തിയതുകൊണ്ടാവാം ഇര മൗനം പാലിച്ചെതെന്നും കോടതി നിരീക്ഷിച്ചു.

19 വയസ്സുള്ള ഗർഭിണിയെ ബലാത്സംഗം ചെയ്തതിന് ഇരുപത്തിയെട്ടുകാരനായ മുന്ന എന്നയാള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് പ്രകാരം വിചാരണക്കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. 362-ാം വകുപ്പ് പ്രകാരം തട്ടികൊണ്ടുപോകല്‍ കുറ്റവും ചുമത്തിയിരുന്നു. 2015ലെ ഈ വിധിക്കെതിരെ യുവതിയുടെ സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് അവകാശപ്പെട്ട് ഇയാള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും, ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

യുവതിയുടെ മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ മേല്‍ ചുമത്തിയിരുന്ന തട്ടിക്കൊണ്ടുപോകല്‍ കുറ്റം ഒഴിവാക്കാനുള്ള വിചാരണക്കോടതി തീരുമാനവും ഹൈക്കോടതി ശരിവെച്ചു. ഇതിനുപുറമേ, പ്രതികളിലൊരാളായ സുമന്‍ കുമാര്‍ യുവതിയെ വേശ്യാവൃത്തിക്കായി വില്‍ക്കാന്‍ ശ്രമിച്ചുവെന്ന വാദം ശരിയാണെന്ന് കോടതി കണ്ടെത്തി. 2010 ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലെത്തിയ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്നാണ് കേസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *