ഇരട്ട ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും


നാളെ മുതല്‍ അഞ്ചുദിവസത്തേയ്ക്ക് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്.ഇന്ന് പതിനൊന്ന് ജില്ലകള്‍ക്ക് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ തമിഴ്‌നാടിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.


ലക്ഷദ്വീപിന്‌ മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതാണ് കേരളത്തില്‍ മഴ ശക്തമാകാൻ കാരണമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകള്‍ക്കാണ് മഞ്ഞ അലർട്ട് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ ആലപ്പുഴ, തൃശ്ശൂർ ജില്ലകള്‍ക്കും മറ്റെന്നാള്‍ എറണാകുളം ജില്ലയ്ക്കും യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്.



Sharing is Caring